Sorry, you need to enable JavaScript to visit this website.

ലഹരിയുടെ പുതിയ ഇരിപ്പിടങ്ങൾ

സ്‌കൂളുകളിൽ അധ്യയന വർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രമാണുള്ളത്. പഠനത്തിന്റെ ഒരു പ്രധാന ഘട്ടം കഴിഞ്ഞ് പുറത്തു പോകുന്ന പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികളുടെ സെന്റ്ഓഫിന്റെ കാലം കൂടിയാണിത്. ഇപ്പോൾ സെന്റ് ഓഫുകൾ ആഘോഷിക്കുന്നത് പഴയ കാലത്തെ പോലെയൊന്നുമല്ല. പണ്ട്, ചായയും ബിസ്‌കറ്റും കഴിച്ചാണ് വിദ്യാലയങ്ങളിൽ കുട്ടികൾ അവസാന നാളിൽ ഒത്തുചേർന്നിരുന്നത്. പിന്നീട് അത് മദ്യത്തിന്റെ ഉപയോഗത്തിലൂടെയായി. ഇന്ന് മാരകമായ രാസലഹരി വ്യാപകമായി ഉപയോഗിക്കുന്ന അവസരങ്ങളായി ഈ അവസാന നാളുകൾ മാറുകയാണ്.


 

 

ലഹരിയുമായി ഒരു അധ്യാപകനും പിടിയിലായിരിക്കുന്നു. അതും ഒരു പ്രിൻസിപ്പൽ. വയനാട്ടിലെ ഒരു ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രിൻസിപ്പലിനെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോലീസ് പിടികൂടിയ വാർത്ത ഞെട്ടലോടെ അല്ലാതെ സമൂഹത്തിന് കേൾക്കാനാകില്ല. പ്രധാന കാരണം,ഒരു അധ്യാപകനെന്നാൽ തലമുറകൾക്ക് മാതൃകയാകേണ്ടവനാണ് എന്നതാണ്. ആയിരക്കണ ക്കിന് കുട്ടികൾക്ക് സന്മാർഗം പറഞ്ഞു കൊടുക്കേണ്ട അധ്യാപകൻ തന്നെ കുട്ടികൾക്ക് മുന്നിൽ തെറ്റിന്റെ മാതൃകയായി നിൽക്കുന്നത് നാണക്കേടാണ്.
ഇത്രയും കാലം, സ്‌കൂളുകൾക്ക് മുന്നിലെ ലഹരി വിൽപനയെയും ഉപയോഗത്തെയും കുറിച്ചാണ് ഉൽക്കണ്ഠപ്പെട്ടിരുന്നതെങ്കിൽ, ലഹരി സ്‌കൂളിന്റെ ഗേറ്റ് കടന്ന് പ്രിൻസിപ്പലിന്റെ കസേരയിൽ വരെ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയെങ്കിൽ ക്ലാസ് മുറികളിലെ അവസ്ഥയെന്താകും.
അറസ്റ്റിലായ അധ്യാപകന്റെ സ്‌കൂളിൽ കഴിഞ്ഞ ദിവസമാണ് സമ്പൂർണ ലഹരിമുക്ത കാമ്പയിൻ പ്രഖ്യാപനമുണ്ടായത്. ആ പരിപാടിയിൽ ആ അധ്യാപകനും പങ്കെടുത്തിരിക്കും. പോക്കറ്റിൽ എം.ഡി.എം.എയും ഉണ്ടായിരിക്കും. ഇത്തരം ആളുകൾ ഒന്നല്ലെങ്കിൽ ലഹരി ഉപയോഗം നിർത്തണം, അല്ലെങ്കിൽ ലഹരിമുക്തിയെ കുറിച്ച് മറ്റുള്ളവരോട് പ്രസംഗിക്കരുത്. നിയമ നടപടികളും ശിക്ഷകളും ആ അധ്യാപകനിൽ മാനസാന്തരമുണ്ടാക്കട്ടെ.
ലഹരി വസ്തുക്കൾ, പ്രത്യേകിച്ച് പുത്തൻ തലമുറ രാസലഹരികളുമായി സമൂഹത്തിന്റെ സർവ മേഖലകളിലേക്കും നുഴഞ്ഞു കയറുകയാണ്. പാവപ്പെട്ടനെന്നോ പണക്കാരനെന്നോ വിദ്യാഭ്യാസമില്ലാത്തവനെന്നോ ഉള്ളവനെന്നോ വ്യത്യാസമില്ലാതെ രാസലഹരിയുടെ ഉപയോഗം വർധിച്ചു കൊണ്ടിരിക്കുന്നു. യുവാക്കൾക്കും കൗമാരക്കാർക്കുമിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കൾ ലഹരിക്കടിപ്പെട്ട് ബുദ്ധിയും ആരോഗ്യവും നശിക്കുന്ന അവസ്ഥയിലേക്കാണ് കൂപ്പുകുത്തുന്നത്. വിദ്യാലയങ്ങൾ ലഹരി ഉപയോഗ കേന്ദ്രങ്ങളായി മാറുന്ന ആശങ്കാജനകമായ അവസ്ഥയുമുണ്ട്. ഇത് നിയന്ത്രിക്കുകയും തിരുത്തകയും ചെയ്യേണ്ട അധ്യാപകരുടെ പ്രതിനിധിയാണ് എം.ഡി.എം.എയുമായി പിടിയിലാകുന്നത്.
സ്‌കൂളുകളിൽ അധ്യയന വർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രമാണുള്ളത്. പഠനത്തിന്റെ ഒരു പ്രധാന ഘട്ടം കഴിഞ്ഞ് പുറത്തു പോകുന്ന പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികളുടെ സെന്റ്ഓഫിന്റെ കാലം കൂടിയാണിത്. ഇപ്പോൾ സെന്റ് ഓഫുകൾ ആഘോഷിക്കുന്നത് പഴയ കാലത്തെ പോലെയൊന്നമല്ല. പണ്ട്, ചായയും ബിസ്‌കറ്റും കഴിച്ചാണ് വിദ്യാലയങ്ങളിൽ കുട്ടികൾ അവസാന നാളിൽ ഒത്തുചേർന്നിരുന്നത്. പിന്നീട് അത് മദ്യത്തിന്റെ ഉപയോഗത്തിലൂടെയായി. ഇന്ന് മാരകമായ രാസലഹരി വ്യാപകമായി ഉപയോഗിക്കുന്ന അവസരങ്ങളായി ഈ അവസാന നാളുകൾ മാറുകയാണ്. ഇത്തവണയും സെന്റ് ഓഫുകൾ ലക്ഷ്യമിട്ട് വിദ്യാലയങ്ങളിലേക്ക് ലഹരി വസ്തുക്കൾ ഒഴുകാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല.
വിദ്യാലയങ്ങൾ ലഹരിയുടെ വലിയ മാർക്കറ്റായി മാറുന്നതിന് ആരാണ് ഉത്തരവാദികൾ?  ലഹരി എന്താണെന്ന് പോലുമറിയാത്ത വിദ്യാർഥികൾക്ക് മുന്നിലേക്ക് ഇവയുടെ പൊതികളുമായി എത്തുന്നത് ആരാണ്?  ഇത്തരമൊരു അന്വേഷണം എത്തുന്നത് വൻലഹരി മാഫിയ സംഘങ്ങളിലേക്കായിരിക്കും. കുട്ടികളെ ലഹരിയുടെ അടിമകളാക്കിയാൽ അവരെ ദീർഘകാലം ഉപഭോക്താക്കളാക്കി നിർത്തി പണം വാരാമെന്നതാണ് ഈ സംഘങ്ങളുടെ ലക്ഷ്യം. പണം നൽകാൻ ഇല്ലാതെ വരുമ്പോൾ കുട്ടികളെ അവർക്ക് ഏജന്റുമാരും കാരിയർമാരുമാക്കാം. അങ്ങനെ ബിസിനസിന്റെ ശൃംഖല വളർത്താം.
അന്യസംസ്ഥാനങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന ലഹരി വിദ്യാലയങ്ങളുടെ പരിസരങ്ങളിലേക്കെത്തിക്കാൻ ഇന്ന് പല കണ്ണികളുണ്ട്. കുട്ടികൾ ഇവ ഉപയോഗിക്കുന്നത് വിലക്കാൻ അധ്യാപകർക്ക് കഴിയുന്നുമില്ല. ലഹരി ഉപയോഗിക്കുന്ന, വയനാട്ടിലെ പ്രിൻസിപ്പലിനെ പോലെയുള്ള അധ്യാപകരാണെങ്കിൽ അവർക്ക് കുട്ടികളെ തടയാൻ ധാർമികമായ യോഗ്യതയുമില്ല. ക്ലാസ് മുറികളിൽ ലഹരിയുടെ ഉപയോഗം വ്യാപകമല്ലെങ്കിലും സ്‌കൂൾ പരിസരങ്ങളിൽ ഇതിനുള്ള അവസരങ്ങളും ഇടവും യഥേഷ്ടമുണ്ട്. ആയിരക്കണക്കിന് വിദ്യാർഥികളുള്ള സ്‌കൂളിൽ, ക്ലാസ് കഴിഞ്ഞാൽ വിദ്യാർഥികൾ എവിടെ പോകുന്നുവെന്ന് നോക്കാൻ അധ്യാപകർക്ക് കഴിയണമെന്നില്ല. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾക്കാണ് ഉത്തരവാദിത്തം.
ലഹരി വസ്തുക്കളുടെ ലഭ്യത തന്നെയാണ് ഈ വിപത്തിനെ വളർത്തുന്നത്. ദിവസേന കേരളത്തിൽ ഒഴുകുന്നത് വലിയ തോതിലുള്ള ലഹരി വസ്തുക്കളാണ്. ഇവയുടെ കടത്തിക്കൊണ്ടുവരൽ, വിൽപന എന്നിവ തടയുന്നതിന് പലപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. അല്ലെങ്കിൽ അവർക്ക് നിയന്ത്രിക്കാവുന്നതിനും അപ്പുറത്തേക്ക് ലഹരി മാഫിയ സംഘത്തിന്റെ ലോകം വളർന്നിരിക്കുന്നു. ലഹരി വസ്തുക്കളുടെ കൈമാറ്റത്തിനെതിരെ ശക്തമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതുണ്ട്. ഒരു ചെറുകിട വിൽപനക്കാരനെ പിടിക്കുമ്പോൾ അന്വേഷണം അവിടം കൊണ്ട് അവസാനിക്കരുത്. ആ വാണിജ്യ ശൃംഖലയിലെ മൊത്തം കണ്ണികളെയും പ്രഭവ കേന്ദ്രം വരെയും പിടിക്കാൻ എക്‌സൈസിനും പോലീസിനും കഴിയണം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി വസ്തുക്കളുടെ ഒഴുക്കു തടയിടാൻ ചെക്‌പോസ്റ്റുകളിൽ സംവിധാനം ശക്തമാകേണ്ടതുണ്ട്. വാണിജ്യ നികുതി ചെക്‌പോസ്റ്റുകൾ ഇല്ലാതായതോടെ അതിർത്തി കടന്നുള്ള ചരക്കുവരവ് സുഗമമായിരിക്കുന്നു. ഇ-വേ ബില്ലെടുത്ത ചരക്കുകൾക്കൊപ്പം എന്തെല്ലാം ലഹരി വസ്തുക്കൾ കയറിവരുന്നുണ്ടെന്ന് കണ്ടെത്താൻ പരിശോധന സംവിധാനമില്ല. ഇതും ലഹരി മാഫിയ സംഘങ്ങൾക്ക് സഹായകമാകുന്നു. നിയമത്തിന്റെ പഴുതുകൾ കണ്ടെത്തിയാണ് ഇത്തരം സംഘങ്ങൾ മുന്നോട്ടു നീങ്ങുന്നത്. ആ പഴുതുകൾ അടച്ചുകൊണ്ട് മാത്രമേ ഈ വിപത്തിനെ നേരിടാനാകൂ.

Latest News