Sorry, you need to enable JavaScript to visit this website.

സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിന് മുഖ്യമന്ത്രി ശിലയിടും

കണ്ണൂര്‍- അഴീക്കോടന്‍ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം സിപി എം  പി.ബി. അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഈ മാസം 24 വൈകുന്നേരം  5.30 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിര്‍വ്വഹിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ അറിയിച്ചു. സിപി എം ജില്ലാ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ചുവന്നിരുന്ന കെട്ടിടം പഴക്കമേറിയതിനാലാണ് പുതിയ കെട്ടിടം പണിയുന്നത്. 

അഴീക്കോടന്‍ രാഘവന്റെ  ഒന്നാം രക്തസാക്ഷിദിനാചരണ വേളയിലായിരുന്നു 1973 ഡിസംബര്‍ 10ന് സിപി എം  ജില്ലാ കമ്മിറ്റി ഓഫീസിനുവേണ്ടി അഴീക്കോടന്‍ മന്ദിരം നിലവിലുള്ള ഒരു കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്തത്. അമ്പത് വര്‍ഷമായി സിപി എമ്മിന്റെ ജില്ലാ ആസ്ഥാനമായ അഴീക്കോടന്‍ മന്ദിരത്തിലെ പാര്‍ട്ടിയുടെയും വര്‍ഗ്ഗ-ബഹുജന സംഘടനകളുടെയും പ്രവര്‍ത്തനത്തിന്റെ ഫലമായി ബഹുജനസ്വാധീനത്തില്‍ ഒന്നാമതെത്താന്‍ സിപി എമ്മിന് കഴിഞ്ഞെന്നും ജയരാജന്‍ പറഞ്ഞു. 1973ന് ശേഷം എ.കെ.ജി. സ്മാരക ഹാളും ചടയന്‍ സ്മാരക മന്ദിരവും അതേ കോമ്പൗണ്ടില്‍ പണിയുകയുണ്ടായി. ഇതെല്ലാം പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തോടുകൂടി ഒറ്റ കെട്ടിട സമുച്ചയത്തിലാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. 

 പാര്‍ട്ടി അംഗസംഖ്യയിലും പാര്‍ട്ടിയുടെയും വര്‍ഗ-ബഹുജന സംഘടനയുടെയും അംഗസംഖ്യയിലും ബഹുജന സ്വാധീനത്തിലും ഇന്ത്യയില്‍ ഒന്നാമതാണ് കണ്ണൂര്‍ ജില്ല.
1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ 7-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വെച്ചാണ് സിപി എം  രൂപംകൊണ്ടത്. പ്രസ്തുത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വെച്ചാണ് സംഘടനാ രൂപം നിര്‍ണ്ണയിക്കുകയും ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. ആദ്യ ജില്ലാ സെക്രട്ടറി കരിവെള്ളൂര്‍ സമര സേനാനി എ .വി കുഞ്ഞമ്പു ആയിരുന്നു. കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയില്‍ 13 ജില്ലാ സെക്രട്ടറിമാരാണ് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എ.വി. കുഞ്ഞമ്പു, കെ.പി.ആര്‍ ഗോപാലന്‍, എം.വി. രാഘവന്‍, പാട്യം ഗോപാലന്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍, ടി. ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി. ശശി, പി. ജയരാജന്‍ എന്നിവരാണ് ഇതിന് മുന്‍പ് ജില്ലാ സെക്രട്ടറിമാരായത്.

അടിയന്തിരാവസ്ഥയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ജില്ലയിലെ പാര്‍ട്ടിയെ തകര്‍ക്കാനും ഓഫീസുകള്‍ ആക്രമിക്കാനും പോലീസും ഗുണ്ടകളും ചേര്‍ന്ന് നടത്തിയ നീക്കങ്ങളെ പ്രതിരോധിച്ചത് ജനങ്ങളായിരുന്നുവെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. അക്കാലത്ത് അഴീക്കോടന്‍ മന്ദിരം സംരക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങി. രാഷ്ട്രീയ എതിരാളികളുടെ അക്രമത്തിനിരയായി 173 പേര്‍ ജില്ലയില്‍ ജീവന്‍ ത്വജിക്കേണ്ടി വന്നിട്ടുണ്ട്. നിരവധി പ്രവര്‍ത്തകര്‍ കടുത്ത മര്‍ദ്ദനങ്ങള്‍ക്കിരയാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ സുപ്രധാനമായ പങ്കാണ് അഴീക്കോടന്‍ മന്ദിരം കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ അന്നത്തെ നേതാക്കള്‍ നിര്‍വ്വഹിച്ചത്. നിരവധി പാര്‍ട്ടി നേതാക്കള്‍ അഴീക്കോടന്‍ മന്ദിരത്തില്‍ സ്ഥിരമായി താമസിച്ചുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. സിപി എം  പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്ക് പോലും അഴീക്കോടന്‍ മന്ദിരം ആശ്രയകേന്ദ്രമായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.


പുതിയ കെട്ടിടത്തില്‍ എകെജി സ്മാരക ഹാളും, ചടയന്‍ സ്മാരക മന്ദിരവും പാട്യം ഗോപാലന്‍ പഠനഗവേഷണകേന്ദ്രവും ലൈബ്രറിയും, സോഷ്യല്‍ മീഡിയ സ്റ്റുഡിയോയും, വിവിധ യോഗങ്ങള്‍ ചേരാനുള്ള മിനികോണ്‍ഫറന്‍സ് ഹാളുകളും പ്രവര്‍ത്തിക്കത്തക്ക നിലയിലുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.ശിലാസ്ഥാപന ചടങ്ങില്‍ സിപി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍  അദ്ധ്യക്ഷത വഹിക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി , ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ  എന്നിവര്‍ സംസാരിക്കും.  രക്തസാക്ഷി കുടുംബങ്ങളെയും പാര്‍ട്ടി മുന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളെയും ആദ്യകാല നേതാക്കളുടെ കുടുംബാംഗങ്ങളെയും പൗരപ്രമുഖരെയും ചടങ്ങില്‍ പങ്കെടുപ്പിക്കും.

Latest News