Sorry, you need to enable JavaScript to visit this website.

ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തി 2.25 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കോഴിക്കോട് - കസ്റ്റംസ്, സിബിഐ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തി 2.25 കോടി രൂപ തട്ടിയെടുത്ത കേസില്‍  രണ്ടുപേര്‍ കൂടി അറസ്റ്റില്‍. താമരശ്ശേരി ഒറങ്ങോട്ടുകുന്നുമ്മല്‍ രജിനാസ് റമി, താമരശ്ശേരി കട്ടിപ്പാറ വേണടി ഹൗസില്‍ ആഷിക്ക് എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസിലെ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. രാജസ്ഥാനില്‍ നിന്ന് നാലു പേരെയും മഹാരാഷ്ട്രയില്‍ നിന്നു രണ്ട്  പേരെയും പിടികൂടിയിരുന്നു.

മുംബൈ വിമാനത്താവളത്തിലെത്തിയ തിരുവനന്തപുരം സ്വദേശി ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ പേരിലുള്ള പാര്‍സലില്‍ ലഹരിമരുന്ന് കണ്ടെത്തിയെന്നും ഇതോടൊപ്പം പാസ്‌പോര്‍ട്ടിന്റെയും, ആധാറിന്റെയും കോപ്പി ഉണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കസ്റ്റംസ് ഉദ്യോഗസ്ഥരെന്നും സിബിഐ ഉദ്യോഗസ്ഥര്‍ എന്നും പറഞ്ഞ് തട്ടിപ്പുസംഘം  ചാര്‍ട്ടേഡ് അക്കൗണ്ടിനെ ഫോണില്‍ വിളിച്ചു. 

2.25 കോടി രൂപ അക്കൗണ്ടിലേക്ക് വാങ്ങുകയും തുടര്‍ന്ന് എഴുപതില്‍പരം അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ക്രിപ്‌റ്റോ കറന്‍സിയായി ജ്വല്ലറികളില്‍ നിന്നും സ്വര്‍ണം വാങ്ങി കൈമാറ്റം ചെയ്യുകയായിരുന്നു. പരാതി ലഭിച്ചതോടെ അന്വേഷണം തുടങ്ങിയ പൊലീസ് ആദ്യം പണം കൈമാറിയ ആറ് അക്കൗണ്ടുകളില്‍ രാജസ്ഥാനിലെ കുമാര്‍ അസോസിയേറ്റ് എന്ന കമ്പനിയുടെ വിവരങ്ങള്‍ വ്യാജമാണമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
പ്രതികളുടെ വിവരം ശേഖരിച്ച പ്രത്യേക അന്വേഷണസംഘം നാല് പ്രതികളെ രാജസ്ഥാനില്‍നിന്നും രണ്ടു പ്രതികളെ മുംബൈയില്‍നിന്നും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.കോഴിക്കോട് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും പണം പിന്‍വലിച്ചതായി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

Latest News