ടി.എന്‍.പ്രതാപന്‍ എം.പിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ബസിടിച്ച് മരിച്ചു

തൃശൂര്‍ - തൃശൂര്‍ പടിഞ്ഞാറേ കോട്ടയില്‍ റോഡു മുറിച്ചുകടന്ന കാല്‍നടയാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു. തൃശൂര്‍ കാനാട്ടുകരയില്‍ കേരളവര്‍മ കോളേജിനു സമീപം അളകനന്ദ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന തളിക്കുളം പുത്തന്‍തോട് മതിലകത്ത് ചിറക്കുഴി വീട്ടില്‍ മുഹമ്മദ് അഷ്‌റഫ് -ഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് അന്‍സാര്‍ (41) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. രാത്രി നടക്കാനിറങ്ങിയ മുഹമ്മദ് അന്‍സാറിനെ ബസിടിക്കുകയായിരുന്നു. മുഹമ്മദ് അന്‍സാര്‍ ഇരുണ്ട നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്നും റോഡ് മുറിച്ചുകടക്കുന്നത് കണ്ടില്ലെന്നുമാണ് ബസ് ഡ്രൈവറുടെ മൊഴി.
തൃശൂര്‍-ചെന്ത്രാപ്പിന്നി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് ആന്റണി എന്ന ബസാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അന്‍സാറിനെ ഉടന്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടി.എന്‍.പ്രതാപന്‍ എംപിയടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നയാളാണ് മുഹമ്മദ് അന്‍സാര്‍. ഇപ്പോള്‍ ടി.എന്‍.പ്രതാപന്‍ എംപിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹപൂര്‍വം എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കമ്യൂണിറ്റി റേഡിയോ മൈ ക്ലബ് എഫ് എം 90 എന്ന റേഡിയോ ചാനലിന്റെ പ്രവര്‍ത്തകനാണ്.
ഭാര്യ: ഹുസ്‌ന മക്കള്‍: അമാര്‍, ആമിര്‍, ആയിഷ നൗറിന്‍.

 

Latest News