സൗദി ടെലികോമിന് റെക്കോര്‍ഡ് വരുമാനം

ജിദ്ദ - ദേശീയ ടെലികോം കമ്പനിയായ എസ്.ടി.സിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ കൊല്ലം കമ്പനി വരുമാനം 7.3 ശതമാനം തോതില്‍ വര്‍ധിച്ച് 72.33 ബില്യണ്‍ റിയാലായി. കസ്റ്റമര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 5.1 ശതമാനവും വെക്ടര്‍, ഓപ്പറേറ്റേഴ്‌സ് യൂനിറ്റില്‍ നിന്നുള്ള വരുമാനം 1.4 ശതമാനവും എസ്.ടി.സി ഗ്രൂപ്പിനു കീഴിലെ കമ്പനികളുടെ വരുമാനം 23.9 ശതമാനവും തോതില്‍ കഴിഞ്ഞ വര്‍ഷം വര്‍ധിച്ചു. 
എസ്.ടി.സുടെ ആകെ ലാഭം 1.1 ശതമാനം തോതില്‍ വര്‍ധിച്ച് 37.8 ബില്യണ്‍ റിയാലായി. സകാത്തും നികുതിയും മറ്റും കഴിച്ചുള്ള ലാഭം 1.6 ശതമാനം തോതില്‍ കുറഞ്ഞ് 24.68 ബില്യണ്‍ റിയാലായി. അറ്റാദായം 9.2 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം എസ്.ടി.സി 13.2 ബില്യണ്‍ റിയാലാണ് അറ്റാദായം നേടിയത്. നാലാം പാദത്തെ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.40 റിയാല്‍ തോതില്‍ വിതരണം ചെയ്യും. ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് ആകെ 1.99 ബില്യണ്‍ റിയാലാണ് വിതരണം ചെയ്യുക. 
ലാഭവിഹതമായി ഷെയര്‍ ഒന്നിന് ഒരു റിയാല്‍ തോതില്‍ അധികം വിതരണം ചെയ്യാന്‍ എസ്.ടി.സി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഇതുപ്രകാരം ആകെ 4.98 ബില്യണ്‍ റിയാല്‍ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതവും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്ത അധിക ലാഭവിഹിത വിതരണവും അടക്കം കഴിഞ്ഞ കൊല്ലത്തെ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.6 റിയാല്‍ തോതിലാണ് വിതരണം ചെയ്യുക. ഇത് എസ്.ടി.സി ഷെയറുകളുടെ മുഖവിലയുടെ 26 ശതമാനത്തിന് തുല്യമാണ്. 
 

Latest News