മുംബൈ- മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന (യുബിടി) എംഎല്‍എ ആദിത്യ താക്കറെ. രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഷിന്‍ഡെ രാജിവച്ചാല്‍ അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിയുടെ മണ്ഡലമായ താനെയില്‍നിന്ന് മത്സരിക്കുമെന്ന് ആദിത്യ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം ശാഖാ സന്ദര്‍ശനത്തിലും സേനാ പ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിലും ആദിത്യ താക്കറെ വിമര്‍ശം ഉന്നയിച്ചു. 'രാജ്യദ്രോഹികള്‍ (വിമത സേനാ നേതാക്കളും ഷിന്‍ഡെയും) പോയി, പക്ഷേ ശിവസൈനികര്‍ ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്. രാജ്യദ്രോഹികള്‍ക്ക് നാണവും ധൈര്യവും ഉണ്ടായിരുന്നെങ്കില്‍, അവര്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് നടത്തുമായിരുന്നു, പക്ഷേ അവര്‍ അത് ചെയ്യില്ല. ധൈര്യമുണ്ടെങ്കില്‍ രാജിവെക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. നിങ്ങളുടെ മണ്ഡലത്തില്‍ വന്ന് പോരാടാന്‍ ഞാന്‍ തയാറാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിനും അദ്ദേഹത്തിന്റെ ബില്‍ഡര്‍ സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഷിന്‍ഡെയെ ലക്ഷ്യമാക്കി ആദിത്യ പറഞ്ഞു.
'കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഒരു പുതിയ വ്യവസായംപോലും വന്നിട്ടില്ല. എന്നാല്‍ ഓരോ സ്ഥാപനങ്ങളും പദ്ധതികളും ഗുജറാത്തിലേക്ക് അയക്കുകയാണ്. ഇതിനൊപ്പം മഹാരാഷ്ട്രയുടെ സംസ്ഥാന സെക്രട്ടേറിയറ്റും ഗുജറാത്തിലേക്ക് മാറ്റുമെന്ന് തോന്നുന്നു. സംസ്ഥാനത്ത് വികസനമില്ല, എന്നാല്‍ മുഖ്യമന്ത്രി ഷിന്‍ഡെയുടെ ബില്‍ഡര്‍ സുഹൃത്തിന് മാത്രം പുരോഗതിയുണ്ട്. അവര്‍ ദല്‍ഹിയിലേക്ക് പോകുന്നത് സംസ്ഥാനത്തിന്റെ പുരോഗതിക്ക് വേണ്ടിയല്ല, മറിച്ച് സ്വന്തം പുരോഗതിക്ക് വേണ്ടിയാണ് - ആദിത്യ പറഞ്ഞു.