ഐഫോണ്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമം, പരീക്ഷണം പാളി, 11.50 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

തിരുവനന്തപുരം- ഐ ഫോണിനുളളിലെ ഭാഗങ്ങള്‍ സ്വര്‍ണമാക്കി കടത്താനുള്ള നീക്കം തകര്‍ത്ത എയര്‍ ഇന്റലിജന്‍സ് 11.50 ലക്ഷം രൂപ വില വരുന്ന 182.61 ഗ്രാം സ്വര്‍ണം പിടികൂടി.  അബുദാബിയില്‍ നിന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ തമിഴ്‌നാട് കുംഭകോണം സ്വദേശിയെയാണ് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
ഐ ഫോണിന്റെ ഉളളിലുളള ബോര്‍ഡ് സ്വര്‍ണ നിറം പൂശിയും ഫോണിന്റെ ചാര്‍ജറും ഇയര്‍പോഡുമുള്‍പ്പെട്ട ഭാഗങ്ങള്‍ സ്വര്‍ണമാക്കിയുമാണ് കടത്താന്‍ ശ്രമിച്ചത്. എക്‌സ്‌റേ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സ്വര്‍ണ സാന്നിധ്യം കണ്ടതിനെ തുടര്‍ന്ന് ഐഫോണ്‍ ഇളക്കി നോക്കിയപ്പോള്‍ ലെഡുകൊണ്ട് നിര്‍മ്മിച്ച ഭാഗങ്ങള്‍ സ്വര്‍ണ്ണനിറം പൂശിയ നിലയിലായിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
ഐഫോണിന്റെ ഭാഗങ്ങളെ സ്വര്‍ണ്ണമാക്കി കടത്താനുളള പരീക്ഷണമാണ് സംഘം നടത്തിയതെന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അധികൃതര്‍ പറഞ്ഞു.

 

Latest News