കമല്‍നാഥും മകനും ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ്, കൂറുമാറ്റ പ്രചാരണം ബി.ജെ.പി സൃഷ്ടി

ന്യൂദല്‍ഹി - മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കമല്‍ നാഥും മകന്‍ നകുല്‍ നാഥും ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗ് അവകാശപ്പെട്ടു. യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കാനിരിക്കെയാണിത്.
മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമല്‍നാഥ് ബി.ജെ.പിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ ബി.ജെ.പിയും മാധ്യമങ്ങളും ചേര്‍ന്ന് പ്രചരിപ്പിച്ചതാണെന്നും ജിതേന്ദ്ര സിംഗ് അവകാശപ്പെട്ടു.
'കമല്‍ നാഥ് ഞങ്ങളുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. ഈ ഊഹാപോഹങ്ങളെല്ലാം ബി.ജെ.പിയും മാധ്യമങ്ങളും ഉണ്ടാക്കിയതാണ്. ഇന്നലെയും തലേദിവസവും ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു, ഭാരത് ജോഡോ ന്യായ് യാത്രയെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു... കമല്‍ നാഥ് പങ്കെടുക്കും. മധ്യപ്രദേശിലെ യാത്രയില്‍ അദ്ദേഹവും നകുല്‍ നാഥും പങ്കെടുക്കും- ജിതേന്ദ്രസിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

നാല് പതിറ്റാണ്ടിലേറെ നീണ്ട പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് താനും മകനും കാവി ക്യാമ്പില്‍ ചേരുന്നതായി കമല്‍നാഥ് സൂചന നല്‍കിയിരുന്നു. ബി.ജെ.പിയില്‍ ചേരുമെന്ന ദേശീയ മാധ്യമ വാര്‍ത്തകള്‍ക്കിടയിലും അദ്ദേഹം അത് നിഷേധിക്കാന്‍ തയാറായില്ല. അതേസമയം അദ്ദേഹത്തിന്റെ അനുയായി സജ്ജന്‍ സിംഗ് വര്‍മ്മ ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു.
ഞായറാഴ്ചയാണ് താന്‍ കമല്‍നാഥിനെ കണ്ടതെന്ന് വര്‍മ്മ പറഞ്ഞു. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി മധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റുകളില്‍ ജാതി സമവാക്യങ്ങള്‍ എങ്ങനെ നിലനില്‍ക്കുന്നുവെന്നതിലാണ് നാഥ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മറുവശത്ത്, കമല്‍നാഥിന്റെ വിശ്വസ്തനും മുന്‍ സംസ്ഥാന മന്ത്രിയുമായ ദീപക് സക്‌സേന, അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനത്തിന് കോണ്‍ഗ്രസ് അദ്ദേഹത്തെ അവഗണിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചു.

 

 

Latest News