പ്രവാസി യുവതിയുടെ വീടിന് ഭര്‍ത്താവ് തീയിട്ടു, മാതാപിതാക്കൾ ഇറങ്ങിയോടി രക്ഷപ്പെട്ടു

തൃശൂര്‍-ചാലക്കുടി തച്ചുടപറമ്പില്‍ ഭാര്യയുടെ വീടിന് യുവാവ് തീയിട്ടു. തച്ചുടപറമ്പ് സ്വദേശി ബാലകൃഷ്ണന്റെ വീടിനാണ് മരുമകന്‍ തീയിട്ടത്. ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് ലിജോ സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് സ്‌കൂട്ടറില്‍ ഭാര്യ വീട്ടിലെത്തിയ ലിജോ വീടിന് തീയിടുകയായിരുന്നുവെന്നാണ്  ബാലകൃഷ്ണനും ഭാര്യയും പോലീസിന് നല്‍കിയ മൊഴി. വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ ആര്‍ക്കും പരിക്കില്ല.
ചാലക്കുടിയില്‍ ഫോട്ടോഗ്രാഫറായ ലിജോയെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ തുടങ്ങി.
ലിജോയുടെ ഭാര്യക്ക് വിദേശത്താണ് ജോലി. ഇവര്‍ തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. മക്കളെ രണ്ട് പേരെയും ലിജോ പോളിന് ഒപ്പമാണ് താമസിപ്പിച്ചിരുന്നത്.
ബാലകൃഷ്ണന്റെ മൂന്നാമത്തെ മകളുടെ ഭര്‍ത്താവാണ് ലിജോ പോള്‍. ലിജോ പോള്‍ മകളെ ഉപദ്രവിച്ചിരുന്നെന്നും സംഭവം പോലീസ് ഇടപെട്ട്  പരിഹരിച്ചതാണെന്നും ബാലകൃഷ്ണന്‍ പറയുന്നു.
ഇവര്‍ തുടര്‍ന്ന് കൗണ്‍സിലിംഗ് തേടിയെങ്കിലും ലിജോ ഉപദ്രവിക്കുന്നത് തുടര്‍ന്നതിനാല്‍ മകളെ സഹോദരങ്ങള്‍ ചേര്‍ന്ന് ദുബായിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് ദിവസമായി ലിജോയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ബാലകൃഷ്ണന്‍ പറയുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ലിജോ പോള്‍ തച്ചുടപ്പറമ്പിലെ വീട്ടിലെത്തിയത്.
ബാലകൃഷ്ണന്‍ വീട്ടിലെ പൂന്തോട്ടത്തില്‍ ചെടി നനയ്ക്കുകയായിരുന്നു. ഭാര്യ അകത്ത് പൂജാമുറിയില്‍ വിളക്ക് വെക്കുകയും. മൂവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതിന് പിന്നാലെയാണ് ലിജോ വീട്ടില്‍ തീയിട്ടത്. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

 

Latest News