നേതൃത്വം ദീർഘവീക്ഷണമുള്ളവരാകണം -  ടി എ അഹമ്മദ് കബീർ

മദീന - നേതൃത്വം അമാനത്താണെന്നും  തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും നേതൃത്വമേറ്റെടുക്കുന്നവർക്ക് ബോധ്യമുണ്ടാകണമെന്ന് മുസ്ലിംലീഗ് നേതാവ് ടി എ അഹമ്മദ് കബീർ പറഞ്ഞു. ആരോടും പകയോ വിദ്വേഷമോ കാണിക്കാതെ ആക്ഷേപ സ്വരങ്ങളില്ലാതെ എല്ലാവരെയും ചേർത്ത് പിടിച്ച് ഒരുമയോടെ മുന്നേറാനാണ് നേതൃത്വത്തിലിരിക്കുന്നവർ ജാഗ്രത പുലർത്തേണ്ടത്. വൈകാരികതക്കപ്പുറം വിവേകപൂർവമായ ദീർഘ വീക്ഷണത്തോടെയുള്ള ഇടപെടലുകളാണാവശ്യം. സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ ദ്വിദിന ലീഡേഴ്‌സ് മീറ്റ് 'മാറ്റം 2024' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഇന്ന് കാണുന്ന സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മുസ്ലിംലീഗ് പാർട്ടിയുടെയും  നേതാക്കളുടെയും  പങ്ക് അവർണ്ണനീയമാണെന്നും പല ഘട്ടങ്ങളിലും  ബുദ്ധിപരമായ ഇടപടലുകളാണ് സംസ്ഥാനത്ത് ശാന്തിയും  സൗഹൃദവും നിലനിർത്താൻ പ്രേരകമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി കെ പി മുഹമ്മദ്‌കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

വിശുദ്ധ ഖുർആനിന്റെ മഹത്തായ മാർഗനിർദേശങ്ങൾ ഉൾകൊണ്ടാവണം മുന്നേറ്റം.പ്രവാചക ചര്യയിൽ നിന്ന്  ലോകം വ്യതിചലിച്ചതാണ് ഇന്ന് കാണുന്ന ജീർണതകൾക്ക് ഹേതു. ഭാവിയുടെ വാഗ്‌ദാനങ്ങളായ നമ്മുടെ മക്കളെയും വിദഗ്‌ദരാക്കി വളർത്തണമെന്നും കലുഷിതമായ സാഹചര്യങ്ങളിൽ നിന്ന് മോചനം നേടാൻ വിദ്യാസമ്പന്നരായ തലമുറ വളരണമെന്നും വിശുദ്ധ ഖുർആനിൽ ഗവേഷണം നടത്താൻ  നമ്മുടെ മക്കളെ  പ്രാപ്‌തരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

ആദ്യ ദിനത്തിൽ ഉദ്ഘാടന സെഷനിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെഎം അബ്ദുൽ മജീദ്, ഖാദർ ചെങ്കള, അഹമ്മദ് പാളയാട്ട്,  നാസർ വെളിയംകോട്, മദീന സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ശരീഫ് കാസർഗോഡ്, എം പി അബ്ദുൽ ജലീൽ, അഷ്‌റഫ് അഴിഞ്ഞിലം നഫ്‌സൽ അഞ്ചരക്കണ്ടി എന്നിവർ എന്നിവർ പ്രസംഗിച്ചു. മാസ്റ്റർ മുഹമ്മദ് അമീൻ അഴിഞ്ഞിലം ഖിറാഅത്ത് നടത്തി. അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും  സൈദ് മൂന്നിയൂർ നന്ദിയും പറഞ്ഞു.

Tags

Latest News