ബംഗാളിലെ പള്ളിയില്‍ ആളെക്കൂട്ടി പൂജ നടത്തി, സാമുദായിക സ്പര്‍ധക്ക് ശ്രമം

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ അദീന മസ്ജിദിനുള്ളില്‍ ഒരു യുവ സ്വയം പ്രഖ്യാപിത ഹിന്ദു പുരോഹിതന്‍ പൂജ നടത്തി. ഫെബ്രുവരി 18 ശനിയാഴ്ചയാണ് സംഭവം.

മഹാരാജ് ഹിരണ്‍മോയ് ഗോസ്വാമി എന്ന യുവാവാണ് പൂജ നടത്തിയത്. ഇയാള്‍ മാള്‍ഡ സ്വദേശിയല്ല. നിരവധി യുവാക്കള്‍ക്കൊപ്പം വന്ന് പള്ളിയില്‍ പൂജ നടത്തുകയായിരുന്നു.

ഉടന്‍ വാര്‍ത്ത പ്രാദേശിക മുസ്‌ലിംകളിലേക്കും വ്യാപിച്ചു, അവര്‍ മാള്‍ഡ പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പൂജ തടഞ്ഞത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചു.

അദീന മസ്ജിദ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) കീഴിലാണ് വരുന്നത്. എ.എസ്.ഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗോസ്വാമിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ഓള്‍ ബംഗാള്‍ ഇമാം മുഅ്‌സിന്‍ അസോസിയേഷന്റെയും ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍, ബിശ്വാസ് ഗോസ്വാമിക്കും മറ്റുള്ളവര്‍ക്കുമെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു.

വിഷയം നിയമപ്രകാരം കൈകാര്യം ചെയ്യുമെന്നും സാമുദായിക സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും അഭ്യര്‍ഥിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംഎല്‍എയും മാള്‍ഡ യൂണിറ്റ് പ്രസിഡന്റുമായ അബ്ദുര്‍ റഹീം ബോക്‌സി പറഞ്ഞു. 'ഞങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഭരണനേതൃത്വം ഈ വിഷയം സമര്‍ത്ഥമായി കൈകാര്യം ചെയ്തു. അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, 'അദ്ദേഹത്തെ ഉദ്ധരിച്ച് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെത്തുടര്‍ന്ന് ക്രമസമാധാനപാലനത്തിനായി കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

1369 ല്‍ സുല്‍ത്താന്‍ സിക്കന്ദര്‍ ഷായാണ് അദീന പള്ളി പണിതത്.  പശ്ചിമ ബംഗാളിലെ ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടിക അനുസരിച്ച്, ഇത് എഎസ്‌ഐലിസ്റ്റ് ചെയ്ത സ്മാരകമാണ്.

 

Latest News