രാജ്യം തകരുമ്പോൾ അത് എല്ലാ വിഭാഗത്തെയും ബാധിക്കും -പ്രവാസി വെൽഫെയർ അൽകോബാർ 

പ്രവാസി വെൽഫെയർ അൽകോബാർ റീജണൽ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിൽ ശംസുദ്ദീൻ നദ്‌വി സംസാരിക്കുന്നു.

അൽകോബാർ- രക്ഷകൻമാരായ രാഷ്ട്രീയ നേതാക്കൾ നമ്മെ സംരക്ഷിക്കുമെന്ന് വിശ്വസിച്ച് കൊണ്ട് ജനാധിപത്യ ഇന്ത്യയെന്ന സങ്കൽപം സ്വപ്‌നം കണ്ട് ജീവിക്കാതെ അനീതിക്കും അസമത്വത്തിനുമെതിരെ എല്ലാവരും ഒരുമിച്ച് തെരുവിലിറങ്ങേണ്ട കാലം അതിക്രമിച്ചുവെന്ന് പ്രവാസി വെൽഫെയർ കോബാർ മേഖലാ സംഗമം ആഹ്വാനം ചെയ്തു. ഹ്രസ്വ സന്ദർശനത്തിന് നാട്ടിൽ നിന്നെത്തിയ ശംസുദ്ദീൻ നദ്‌വി മുഖ്യപ്രഭാഷണം നിർവഹിച്ചു. മനോഹരമായ സങ്കൽപം ഏതാനും രാഷ്ട്രീയക്കാരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി തകരുമ്പോൾ ഏതെങ്കിലും ഒരു വിഭാഗം മാത്രമായിരിക്കില്ല അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരിക എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ദേശീയ പക്ഷി, ദേശീയ മൃഗം, ദേശീയ കളി എന്നിവ പോലെ ഫാസിസ്റ്റു ഭരണകാലത്ത് ബുൾഡോസർ ഇന്ത്യയുടെ ദേശീയ യന്ത്രമായി മാറുകയാണ്. ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദിക്കുന്നവരുടെ വീടും, കച്ചവട സ്ഥാപനങ്ങളും പള്ളികളുമൊക്കെ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുന്നത്  കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്. ഇത്തരം ഏകാധിപത്യ പ്രവണതകൾ ജനാതിപത്യത്തിന്റെ പേരിൽ വന്ന ഭരണകൂടം അവസാനിപ്പണമെന്നും അദ്ദേഹം കൂട്ടിച്ചർത്തു. ഒറ്റക്കെട്ടായി ഇന്ത്യൻ ജനത രംഗത്തിറങ്ങിയാൽ ഫാസിസത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് ഇന്ത്യയെ തിരിച്ചു പിടിക്കാൻ കഴിയുമെന്ന് പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി അംഗം മുഹ്‌സിൻ ആറ്റാശ്ശേരി പറഞ്ഞു. കോബാർ റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.എം. സാബിഖ് അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് ഷബീർ ചാത്തമംഗലം സംസാരിച്ചു. വനിതാ പ്രസിഡന്റ് ജുബൈരിയ ഹംസ സംബന്ധിച്ചു. സെക്രട്ടറി ഷജീർ തൂണേരി സ്വാഗതവും നൗഫർ മമ്പാട് നന്ദിയും പറഞ്ഞു. റിപ്പബ്ലിക് ദിന ക്വിസ് മത്സര ഫലം ഫൗസിയ അനീസ് പ്രഖ്യാപിച്ചു. അഷ്‌റഫ്. പി.ടി, നജ്മുസമാൻ, പർവേസ്, സിയാദ്, ഖലീലുറഹ്മാൻ, ഹൈദർ മമ്പാട്, ആരിഫ ബക്കർ, ആദില, ഷുക്കൂർ, ഇല്യാസ്, കുഞ്ഞുമുഹമ്മദ്, താഹ എന്നിവർ നേതൃത്വം നൽകി.

Tags

Latest News