Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര കോടതിയിൽ ഫലസ്തീൻ കുട്ടികളെ ഓർത്ത് വിതുമ്പി അംബാസഡർ; ഇസ്രായിൽ വർണവെറിക്കെതിരെ ശക്തമായ വാദം

ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലികി, ദി ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ.

*അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര കോടതിയിൽ തെളിവുകൾ നിരത്തി ഫലസ്തീൻ അതോരിറ്റി
*ആറ് ദിവസത്തെ വാദം കേൽക്കലിൽ 52 രാജ്യങ്ങൾ തെളിവുകൾ നൽകും
*ഗാസയിൽ കൊല്ലപ്പെട്ടവർ 29000 കടന്നു

ദി ഹേഗ്/ ഗാസ- ഇസ്രായിൽ അധിനിവേശത്തിൽ ഫലസ്തീൻ ജനത നേരിടുന്നത് കൊളോണിയലിസവും, വർണവിവേചനവുമാണെന്ന് അന്താരാഷ്ട്ര കോടതിയിൽ ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലികി. അധിനിവേശം എത്രയും വേഗം നിരുപാധികം അവസാനിപ്പിക്കണമെന്ന് ഇസ്രായിലിന് അന്താരാഷ്ട കോടതി ഉത്തരവ് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഫലസ്തീനിലെ ഇസ്രായിൽ അധിനിവേശം സംബന്ധിച്ച് യു.എൻ നിർദേശ പ്രകാരം ഹേഗിലെ അന്താഷ്ട്ര കോടതിയിൽ ഇന്ന്(തിങ്കൾ) ആരംഭിച്ച നിർണായക വാദം കേൾക്കലിലാണ് ഫലസ്തീൻ വിദേശ മന്ത്രി, തന്റെ ജനത നേരിടുന്ന ക്രൂരതകൾ അക്കമിട്ട് നിരത്തിയത്.
1967നുശേഷമുള്ള ഇസ്രായിലിന്റെ അധിനിവേശങ്ങളെകുറിച്ചാണ് ആറ് ദിവസം നീളുന്ന വാദകേൾക്കലിൽ അന്താരാഷ്ട്ര കോടതി തെളിവുകൾ സ്വീകരിക്കുന്നത്. അമേരിക്കയും റഷ്യയുമടക്കം 52 രാജ്യങ്ങൾ ഐ.സി.ജെ മുമ്പാകെ ഹാജരാവുന്നുണ്ട്. ഇത്രയധികം രാജ്യങ്ങൾ ഒരു വിഷയത്തിൽ അന്താരാഷ്ട്ര കോടതി മുമ്പാകെ എത്തുന്നതും ഇതാദ്യം.
ഹേഗിലെ പീസ് പാലസിലെ കോടതി ഹാളിൽ അത്യധികം വികാര നിർഭരമായിരുന്നു റിയാദ് അൽ മാലികിയുടെ വാദം. കൊളോണിയലിസം, വർണവെറി എന്നൊക്കെ കേട്ടാൽ പലരും രോഷാകുലരാവും. ഞങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങളുടെ യാഥാർഥ്യം മനസ്സിലാക്കുമ്പോഴും അവർ അതുപോലെ രോഷാകുലരാവണം. കാരണം ഞങ്ങൾ അനുഭവിക്കുന്നത് കൊളോണിയലിസവും വർണവെറിയുമല്ലാതെ മറ്റൊന്നുമല്ല -അദ്ദേഹം പറഞ്ഞു. 
ഈ അധിനിവേശം എത്രയും വേഗം, സമ്പൂർണമായി, നിരുപാധികം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര കോടതി ഉത്തരവിടണം. നീതി വൈകിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. ഫലസ്തീൻ ജനത ഈ നീതി നിഷേധം വർഷങ്ങളായി അനുഭവിക്കുന്നു. ഫലസ്തീൻ ജനതയെ മുഴുവൻ എത്രയോ കാലമായി ബന്ദികളാക്കിക്കൊണ്ടുള്ള ഈ ഇരട്ടത്താപ്പിന് വിരാമമിടാൻ സമയമായി. ഫലസ്തീൻ ജനതയുടെ നിലനിൽപും സ്വയം നിർണയാവകാശവും എതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പ് വിഷയങ്ങളല്ല - അദ്ദേഹം പറഞ്ഞു.
കണ്ണീരടക്കാൻ പാടുപെട്ടുകൊണ്ടാണ് യു.എന്നിലെ ഫലസ്തീൻ അംബാസഡർ റിയാദ് മൻസൂർ തന്റെ വാദം അവതരിപ്പിച്ചത്. ഭാവിയിലെങ്കിലും ഫലസ്തീനിലെ കുട്ടികളെ, കുട്ടികളായി തന്നെ കാണാനും, അവരെ ജനസംഖ്യാ ഭീഷണിയായി കാണാതിരിക്കാനുമുള്ള സാഹചര്യമാണ് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പരമാവധി ഫലസ്തീൻ പ്രദേശങ്ങൾ ഏറ്റവും കുറച്ച് ഫലസ്തീനി ജനങ്ങളോടെ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് ഇസ്രായിൽ അധിനിവേശം നടത്തുന്നതെന്ന് നിയമവിദഗ്ധൻ പോൾ റീഷ്‌ലർ ഐ.സി.ജെ മുമ്പാകെ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ അന്താരാഷ്ട്ര കോടതിക്ക് നിശബ്ദമായിരിക്കാൻ കഴിയില്ല. ഈ കോടതിയുടെ വിധിക്ക് ലോകത്ത് മാറ്റമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ ജറൂസലം അടക്കം അധിനിവിഷ്ട ഫലസ്തീനിൽ ഇസ്രായിൽ കൈക്കൊള്ളുന്ന നടപടികളുടെ നിയമപരമായ പ്രത്യാഘാതങ്ങളെകുറിച്ച് തീരുമാനമാനമെടുക്കാൻ 2022 ഡിസംബറിൽ യു.എൻ ജനറൽ അസംബ്ലി ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ ഹിയറിംഗ്. കോടതി എന്തു തീരുമാനിച്ചാലും അതനുസരിക്കാൻ ഇസ്രായിലിന് ബാധ്യതയൊന്നുമില്ല. എന്നാൽ ഗാസയിൽ നടത്തുന്ന ക്രൂരമായ വംശഹത്യയുടെയും, കിരാതമായ ആക്രമണങ്ങളുടെയും പേരിൽ ലോകമെങ്ങുംനിന്നുള്ള വിമർശനം നേരിടുന്ന ഇസ്രായിലിന് ഇപ്പോഴും പിന്തുണ നൽകുന്ന അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികളെ സമ്മർദത്തിലാക്കാൻ അന്താരാഷ്ട്ര കോടതിയിലെ നടപടികൾക്ക് കഴിയും. ഗാസയിൽ ഇസ്രായിൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നൽകിയ കേസിനുപുറമേയാണ് ഈ കേസിലും ഐ.സി.ജെയിൽ വാദം ആരംഭിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര സമൂഹത്തിന്റെ നിസംഗതയും, എന്തുചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന അവസ്ഥയുമാണ് ഇസ്രായിലിന് വർഷങ്ങളായി വംശഹത്യ തുടരാൻ സഹായകമായതെന്ന് റിയാദ് അൽ മാലികി ചൂണ്ടിക്കാട്ടി. ഇസ്രായിലിന്റെ ശിക്ഷാഭീതി ഇല്ലായ്മ അവസാനിപ്പിക്കേണ്ടത് ലോകത്തിന്റെ ധാർമികവും, രാഷ്ട്രീയവും, നിയമപരവുമായ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ കോടതി നടപടികളിലും ഇസ്രായിലിന്റെ വംശഹത്യാ നടപടികൾ അവസാനിപ്പിക്കാൻ കഴിയുമോ എന്ന് ഫലസ്തീൻ ജനതക്കോ, ലോകത്തെ സമാധാന പ്രേമികൾക്കോ കാര്യമായ പ്രതീക്ഷയില്ല. ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ ഐ.സി.ജെ ഇസ്രായിലിനോട് വംശഹത്യാ നടപടികൾ ഒഴിവാക്കാനും, ഗാസയിലേക്ക് കൂടുതൽ ജീവകാരുണ്യ സഹായം എത്തിക്കാനും ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും നെതന്യാഹു ഭരണകൂടം ചെവിക്കൊണ്ടിട്ടില്ല. ഇതേതുർന്ന് ഇസ്രായിലിനെതിരെ കൂടുതൽ നടപടികൾക്ക് ദക്ഷിണാഫ്രിക്ക തുടർന്ന് നടത്തിയ നീക്കം കോടതി കഴിഞ്ഞ വെള്ളിയാഴ്ച തള്ളുകയും ചെയ്തു.
ഇന്നലെ കോടതി നടപടികൾ പുരോഗമിക്കവെ പുറത്ത് നിരവധി പേർ ഫലസ്തീൻ പതാകകളുമായി പ്രകടനം നടത്തി.  ഇന്ന് സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, അൾജീരിയ, നെതർലാന്റ്‌സ്, ബംഗ്ലാദേശ്, ബെൽജിയം എന്നീ രാജ്യങ്ങൾ ഐ.സി.ജെ മുമ്പാകെ വാദങ്ങൾ നടത്തും.
അതിനിടെ, ഗാസയിൽ ഇസ്രായിൽ സൈന്യം കൂട്ടക്കുരുതി തുടരുകയാണ്. 24 മണിക്കൂറിനിടെ 107 പേർ കൂടി കൊല്ലപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 29,000 കടന്നു. ഒക്ടോബർ ഏഴിനുശേഷമുള്ള ആക്രമണങ്ങളിൽ ഇതുവരെ 29,092 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോക്യ വകുപ്പ് അറിയിച്ചു. പരിക്കേറ്റവർ 69,028 ആണ്. വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ സേന ഇന്നലെ നടത്തിയ വെടിവെയ്പിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
ബന്ദികളെ വിട്ടുനൽകിയില്ലെങ്കിൽ റഫായലേക്ക് കരയാക്രമണം നടത്തുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി നെതന്യാഹു ഇന്നലെയും ഭീഷണി മുഴക്കി. ബന്ദികളെ കിട്ടാത്ത പക്ഷം വിശുദ്ധ റമദാൻ മാസത്തിലും ആക്രമണം തുടരുമെന്ന് ഇസ്രായിൽ യുദ്ധ മന്ത്രി ബെന്നി ഗ്രാന്റ്‌സ് ഭീഷണി മുഴക്കി. ഗാസയിലേക്ക് വിവിധ രാജ്യങ്ങൾ അയച്ച സഹായവസ്തുക്കളുമായി വന്ന ട്രക്കുകൾ ഇന്നലെയും ഇസ്രായിലി പ്രതിഷേധക്കാർ തടഞ്ഞു.
അതിനിടെ, ചെങ്കടലിൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനുനേരെ ഇന്നും ഹൂത്തി ആക്രമണമുണ്ടായി. ഗ്രീക്ക് പതാകയുള്ള കപ്പലിനുനേരെ രണ്ട് തവണ മിസൈൽ ആക്രമണമുണ്ടായതായി മാരിടൈം സെക്യൂരിറ്റി ഏജൻസിയായ ആംബ്രെ അറിയിച്ചു. ഒരു മിസൈൽ കപ്പലിൽ പതിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മറ്റൊരു മിസൈൽ കപ്പലിന് പത്ത് മീറ്റർ മാറി കടലിലാണ് പതിച്ചത്. അമേരിക്കയുടെ ഒരു ഡ്രോൺ തകർത്തതായി ഹൂത്തികൾ അവകാശപ്പെട്ടു.

Latest News