ദല്‍ഹിയില്‍ ബിഎസ്പി യുവ നേതാവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു

ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശിലെ മീററ്റില്‍ പഞ്ചായത്ത് അംഗമായ ബി.എസ്.പി യുവ നേതാവിനെ ദല്‍ഹിയിലെ ബട്‌ല ഹൗസില്‍ അജ്ഞാത സംഘം വെടിവച്ചു കൊലപ്പെടുത്തി. ബൈക്കിലത്തിയ രണ്ടു പേരാണ് വെടിവച്ചതെന്നും ശേഷം ഇവര്‍ മുങ്ങിയതായും പോലീസ് പറഞ്ഞു. ബട്‌ല ഹൗസിലെ സര്‍സയ്യിദ് റോഡില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും വെടിയേറ്റ ദില്‍ഷാദിനെ നാട്ടുകാര്‍ ചേര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചിന്മയ് ബിസ്വാള്‍ പറഞ്ഞു. ആക്രമികല്‍ ഹെല്‍മെറ്റ് ധരിച്ച് മുഖം മറച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വ്യക്തിപരമായ ശത്രുതയാണ് സംഭവത്തിനു പിന്നിലെന്നാണ് സാഹചര്യ തെളിവുകള്‍ നല്‍കുന്ന സൂചനയെന്നും പോലീസ് പറഞ്ഞു. ബട്‌ല ഹൗസിനടത്തു ഓഖ്‌ലയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു കൊല്ലപ്പെട്ട ദില്‍ഷാദ്.
 

Latest News