ജിദ്ദ- സൗദി അരാംകോയുടെ ഡിവിഡന്റുകളിൽ ഗണ്യമായ വർധനയുണ്ടാകുമെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ സിയാദ് അൽ മുർഷിദ് അറിയിച്ചു. 2023-ലെ സാമ്പത്തിക ഫലങ്ങൾ മാർച്ച് 11ന് അരാംകോ പ്രഖ്യാപിക്കാനിരിക്കെയാണ് വെളിപ്പെടുത്തൽ. മൂലധന വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനി എന്ന നിലയിലുള്ള ലാഭം, പതിവായി ഉയർന്നു നിൽക്കുന്ന എണ്ണവില, വൻതോതിലുള്ള വിൽപന, ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളുടെ മെച്ചപ്പെട്ട ലാഭവിഹിതം എന്നിവയാണ് വൻ ഡിവിഡന്‍റിനുള്ള കാരണമായി എടുത്തുകാണിക്കുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി ഈ വർഷം ബോണ്ടുകൾ പുറത്തിറക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദി ഫിനാൻഷ്യൽ മാർക്കറ്റ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 15 വർഷം മുതൽ 50 വർഷം വരെയുള്ള ഇടത്തരം മുതൽ ദീർഘകാല ബോണ്ടുകൾക്ക് കമ്പനി മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.