അരവിന്ദ് കെജ്രിവാളിനെതിരെ ഇ. ഡി കേസെടുത്തു

ന്യൂദല്‍ഹി- അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ദല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച ആറാമത്തെ സമന്‍സും കൈപ്പറ്റാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തത്.

കെജ്രിവാളിന് നല്‍കിയ ആദ്യ മൂന്ന് സമന്‍സുകള്‍ മനഃപൂര്‍വം ലംഘിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 174 പ്രകാരം അന്വേഷണ ഏജന്‍സി പരാതി നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു. കെജ്രിവാള്‍ സമന്‍സുകള്‍ ഒഴിവാക്കിയത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതായും അതുവഴി എ. എ. പി മേധാവി കുറ്റം ചെയ്തതായി കോടതി അംഗീകരിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

കെജ്രിവാളിന് അയച്ച സമന്‍സുകള്‍ നിയമവിരുദ്ധമാണെന്നും വിഷയം ഇപ്പോള്‍ കോടതിയിലാണെന്നും എ എ പി പ്രസ്താവനയില്‍ പറഞ്ഞു. ഇ. ഡി തന്നെ കോടതിയെ സമീപിച്ചു. വീണ്ടും വീണ്ടും സമന്‍സ് അയക്കുന്നതിന് പകരം കോടതിയുടെ തീരുമാനത്തിനായി ഇ. ഡി കാത്തിരിക്കണമെന്നും എ. എ. പി പറഞ്ഞു.  

ആവര്‍ത്തിച്ചുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സുകളില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള 'നിയമവിരുദ്ധമായ ശ്രമങ്ങള്‍' ആയിരുന്നുവെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ നിന്ന് തന്നെ തടയുകയാണ് ലക്ഷ്യമെന്നും കെജ്രിവാള്‍ ആരോപിക്കുന്നു. നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും എന്ന് ആരോപിച്ച് എ. എ. പി മേധാവി ഇ. ഡിയുടെ ഇതുവരെയുള്ള എല്ലാ സമന്‍സുകളും ഒഴിവാക്കിയിരുന്നു. ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, 2023 ഡിസംബര്‍ 22, 2023 നവംബര്‍ 2 തിയ്യതികളിലാണ് മുമ്പ് അന്വേഷണ ഏജന്‍സി കെജ്രിവാളിന് സമന്‍സ് അയച്ചത്.

ദല്‍ഹി മദ്യ കുംഭകോണ കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാകുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 17ന് റൂസ് അവന്യൂ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായ സമയത്താണ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്. ദല്‍ഹി മദ്യ കുംഭകോണ കേസില്‍ ആവര്‍ത്തിച്ച് സമന്‍സ് ലഭിച്ചിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ല. കെജ്രിവാളിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഇ. ഡി കോടതിയില്‍ ആവശ്യപ്പെട്ടതിണനെ തുടര്‍ന്നാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രി കോടതിയില്‍ ഹാജരാകുമെന്നും ജാമ്യാപേക്ഷ നല്‍കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

കേസില്‍ അയച്ച സമന്‍സ് അനുസരിക്കാത്തതിന് ഇ. ഡി നല്‍കിയ പരാതിയില്‍ ദല്‍ഹി കോടതി ഫെബ്രുവരി 17ന് ഹാജരാകാന്‍ കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാന്‍ കെജ്രിവാള്‍ ബാധ്യസ്ഥനാണെന്നും  കോടതി വ്യക്തമാക്കിയിരുന്നു. 

Latest News