മുന്‍ പോലീസ് ഉദ്യോഗസ്ഥനെ ആളുകള്‍ നോക്കി നില്‍ക്കെ തെരുവില്‍ മര്‍ദിച്ചു കൊന്നു

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ അലഹാബാദില്‍ വിരമിച്ച സബ് ഇന്‍സ്‌പെക്ടറായ വയോധികനെ മൂന്നംഗ ആക്രമി സംഘം ആളുകള്‍ നോക്കി നില്‍ക്കെ തെരുവിലിട്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. 70കാരനായ അബ്ദു സമദ് ഖാനാണ് മരിച്ചത്. ആക്രമികള്‍ സമദ് ഖാനെ ബോധം നഷ്ടമാകുന്നതു വരെ അടിച്ചും തൊഴിച്ചും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഒരു കൈ എതാണ്ട് അറ്റു പോയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ അതുവഴി ആളുകള്‍ കടന്നു പോകുന്നുണ്ടെങ്കിലും ആരും ആക്രമികളെ തടയാനോ സമദ് ഖാനെ രക്ഷിക്കാനോ ശ്രമിച്ചില്ല. തന്റെ സൈക്കിളുമായി പോകുന്നതിനിടെ ചുവന്ന ഷര്‍ട്ടണിഞ്ഞ ഒരാളാണ് സമദ് ഖാനെ ആദ്യം ആക്രമിച്ചത്. പിന്നീട് മറ്റു രണ്ടു പേര്‍ കൂടി ചേര്‍ന്നു. വടികൊണ്ടുള്ള പ്രഹരമേറ്റ സമദ് ഖാന്‍ നിലത്തു വീണ് മര്‍ദനം ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേസമയം ഇതുവഴി സൈക്കിളിലും ബൈക്കിലുമായി പലരും കടന്നു പോയെങ്കിലും ആരും ആക്രമികളെ തടയാന്‍ ശ്രമിച്ചില്ല.

മര്‍ദനമേറ്റ് സമദ് ഖാന്‍ അവശനായതോടെ ആക്രമികള്‍ സ്ഥലം വിട്ടു. ്ആശുപത്രിയില്‍ വച്ചാണ് സമദ് ഖാന്‍ മരിച്ചത്. ക്രമിനല്‍ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് സൂചനയുണ്ട്. പത്തോളം ക്രമിനല്‍ കേസുകളില്‍ പ്രതിയായ ജുനൈദ് എന്നയാളും ആക്രമി സംഘത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ബന്ധുക്കളുമായുള്ള സ്വത്തു തര്‍ക്കമാണ് മര്‍ദനത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി അലഹബാദ് പോലീസ് പറഞ്ഞു.
 

Latest News