Sorry, you need to enable JavaScript to visit this website.

പ്രസവത്തിനു മാത്രമായി കേന്ദ്രങ്ങൾ വേണ്ട,  മൂക്കുകയറിട്ട് മലപ്പുറം കലക്ടർ

മലപ്പുറം- ആരോഗ്യ വകുപ്പിന്റെ അനുമതിയും അറിവുമില്ലാതെ  പ്രസവത്തിനായി മാത്രം ജില്ലയിൽ അനധികൃത കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടർ വി.ആർ വിനോദ്. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഗാർഹിക പ്രസവവും അനധികൃത കേന്ദ്രങ്ങളിൽ വെച്ചുള്ള പ്രസവവും ജില്ലയിൽ നടക്കുന്നുണ്ട്. ഒരു ചികിത്സാ ശാഖയുടെയും അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് യോഗത്തിൽ നിർദ്ദേശം നൽകി. 

ജില്ലയിൽ ഇനിയും സായാഹ്ന ഒ.പി ആരംഭിക്കാത്ത 14 ആരോഗ്യ കേന്ദ്രങ്ങളിൽ ഉടൻ തന്നെ സായാഹ്ന ഒ.പി ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗപ്പെടുത്തി  ഇവിടുങ്ങളിൽ ജീവനക്കാരെ നിയമിക്കും. ഇതിനായി തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി. പകർച്ചാവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് അതത് വകുപ്പുകൾ ഉറപ്പാക്കണം. ചെറുകിട കുടിവെള്ള പദ്ധതികൾക്ക് ഉപയോഗിക്കുന്ന സ്രോതസ്സുകളിൽ  ക്ലോറിനേഷൻ നടത്തുന്നുണ്ടെന്ന് തദ്ദേശ വകുപ്പ് ഉറപ്പാക്കണം. ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന കുടിവെള്ളവും ശേഖരിക്കപ്പെടുന്ന സ്രോതസ്സുകളും ഹെൽത്ത് ഇൻസ്‌പെക്ടർമാർ നിശ്ചിത ഇടവേളകളിൽ  പരിശോധിക്കണം. ജില്ലയിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ തടയുന്നതിനായുള്ള ക്രമീകരണങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. 
ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.എം) കീഴിൽ ജില്ലയിൽ നടക്കുന്ന പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അവലോകനവും യോഗത്തിൽ നടന്നു. ജനനി സുരക്ഷാ പദ്ധതി ആനുകൂല്യങ്ങൾ നൽകുന്നതിനായി ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾക്കുള്ള സർട്ടിഫിക്കറ്റുകളും യോഗത്തിൽ വിതരണം ചെയ്തു. 
ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. ആർ രേണുക (ആരോഗ്യം), ഡോ. ഹന്ന (ഹോമിയോ), ഡോ.എം.ജി ശ്യാമള (ഭാരതീയ ചികിത്സാ വകുപ്പ്), എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു
 

Latest News