Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് സുപ്രീം കോടതിയിൽനിന്ന് വൻ തിരിച്ചടി, ചണ്ഡിഗഡിൽ നിലവിലുള്ള ബാലറ്റിന്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കണം

ന്യൂദൽഹി- വിവാദമായ ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിന്റെ ഫലം പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിടുന്നതിന് പകരം നിലവിലുള്ള ബാലറ്റ് പേപ്പറിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കണമെന്ന നിർദേശവുമായി സുപ്രീം കോടതി. മുൻ പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് രേഖപ്പെടുത്തിയ മാർക്ക് അവഗണിച്ച് ഇതിനകം പോൾ ചെയ്ത വോട്ടുകൾ എണ്ണാനുള്ള നിർദേശം പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.  ഒരു രാഷ്ട്രീയ പാർട്ടികളുമായും യോജിപ്പില്ലാത്ത  ഉദ്യോഗസ്ഥനെ ബാലറ്റുകൾ എണ്ണുന്നതിനും ഫലം പ്രഖ്യാപിക്കുന്നതിനും റിട്ടേണിംഗ് ഓഫീസറായി നാമനിർദ്ദേശം ചെയ്യാനും ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെടുമെന്നും ബഞ്ച് പറഞ്ഞു.

പഞ്ചാബ്ഹരിയാന ഹൈക്കോടതി നാമനിർദ്ദേശം ചെയ്യുന്ന ഒരു ജുഡീഷ്യൽ ഓഫീസർ മുഴുവൻ വോട്ടെണ്ണൽ പ്രക്രിയക്കും മേൽനോട്ടം വഹിക്കുമെന്നും ബഞ്ച് പറഞ്ഞു. ഫല പ്രഖ്യാപനത്തിന് മുമ്പ് നിർത്തിയ ഘട്ടത്തിൽ നിന്ന് പ്രക്രിയ യുക്തിസഹമായ നിഗമനത്തിലേക്ക് കൊണ്ടുപോകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ബാലറ്റ് പേപ്പറുകളിൽ നിന്ന് വോട്ടുകൾ കുറയ്ക്കാനാകുമോയെന്ന് പരിശോധിക്കാൻ ഇന്ന് രാവിലെ 10.30ന് ബാലറ്റ് പേപ്പറുകൾ കോടതിയിൽ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ബാലറ്റ് പേപ്പറുകൾ സുപ്രീംകോടതിയിൽ കൊണ്ടുവരാനും ജുഡീഷ്യൽ ഓഫീസറെ നാമനിർദ്ദേശം ചെയ്യാനും  ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് ബഞ്ച് ആവശ്യപ്പെട്ടു.

ഒരു ജുഡീഷ്യൽ ഓഫീസറുടെ മേൽനോട്ടത്തിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ  തുഷാർ മേത്ത നിർദ്ദേശിച്ചു. എന്നാൽ, മേയർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആം ആദ്മി പാർട്ടി സ്ഥാനാർഥി കുൽദീപ് കുമാർ ഈ നിർദേശത്തെ എതിർത്തു. നിലവിലെ ബാലറ്റ് പേപ്പറുകളുടെ അടിസ്ഥാനത്തിൽ വോട്ടെണ്ണാൻ കഴിയുമെന്ന് കുൽദീപ് കുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗുർമീന്ദർ സിംഗ് വാദിച്ചു. ചട്ടങ്ങൾ അനുസരിച്ച്, മൂന്ന് വ്യവസ്ഥകളിൽ മാത്രമേ ബാലറ്റുകൾ അസാധുവാകൂ  (1) രണ്ടിൽ കൂടുതൽ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്താൽ, (2) വോട്ടറെ തിരിച്ചറിയാൻ എന്തെങ്കിലും അടയാളം അവശേഷിക്കുന്നുണ്ടെങ്കിൽ, (3) എന്തെങ്കിലും അടയാളം അവശേഷിക്കുന്നുണ്ടെങ്കിൽ വോട്ട് ആർക്കാണെന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു എന്നീ കാരണങ്ങളാണത്. എന്നാൽ, ഇവിടെ അത്തരത്തിലൊരു പ്രശ്‌നവും ഉദിക്കുന്നില്ലെന്നും ഗുർമീന്ദർ സിംഗ് പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹ് അട്ടിമറിച്ചതിന്റെ പേരിൽ പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് നിലവിലെ ബാലറ്റുകളുടെ അടിസ്ഥാനത്തിൽ വോട്ടെണ്ണലിന് ഉത്തരവിടുമെന്ന് കോടതി വ്യക്തമാക്കിയത്.

എന്നാൽ, ചില ബാലറ്റുകൾ കീറിയതായി കരുതുന്നതായി തുഷാർമേത്ത പറഞ്ഞു. ഈ സാഹചര്യത്തിലാണ് ബാലറ്റ് പേപ്പറുകൾ  കോടതിയിൽ ഹാജരാക്കാൻ  നിർദേശിച്ചത്. വിഷയം നാളെ പരിഗണിക്കുന്നതിന് പകരം ബുധനാഴ്ചയിലേക്ക് മാറ്റണമെന്ന് സോളിസിറ്റർ ആവശ്യപ്പെട്ടെങ്കിലും ബഞ്ച് വിസമ്മതിച്ചു. ഇപ്പോൾ നടക്കുന്ന കുതിരക്കച്ചവടത്തിൽ തങ്ങൾക്ക് അഗാധമായ ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതിന് മുന്നോടിയായി മേയറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കർ ഇന്നലെ രാജിവച്ചിരുന്നു. മൂന്ന് എഎപി കൗൺസിലർമാർ ബിജെയിൽ ചേർന്നതായും റിപോർട്ടുകളുണ്ട്

അനിൽ മസിഹ് വിചാരണ നേരിടണം

തിരഞ്ഞെടുപ്പ് പ്രകിയ അട്ടിമറിക്കാൻ ശ്രമിച്ച  പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ഇന്നലെ സുപ്രീംകോടതിയിൽ ഹാജരായതിന് പിന്നാലെയാണ് ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തോട് ബഞ്ച് ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.  പേന ഉപയോഗിച്ച് ബാലറ്റ് പേപ്പറിൽ നിങ്ങൾ എന്താണ് ചെയ്തതെന്ന് ബഞ്ച് ചോദിച്ചു. വോട്ടെടുപ്പിന് ശേഷം തനിക്ക് ബാലറ്റ് പേപ്പറിൽ അടയാളങ്ങൾ ഇടേണ്ടി വന്നുവെന്നും  വികൃതമാക്കിയ ബാലറ്റ് പേപ്പറുകൾ വേർതിരിക്കേണ്ടി വന്നുവെന്നുമാണ് അനിൽ മസീഹ് മറുപടി നൽകിയത്. ചില ബാലറ്റ് പേപ്പറുകളിൽ നിങ്ങൾ ത മാർക്ക് ഇടുന്നത് വീഡിയോയിൽ നിന്ന് വളരെ വ്യക്തമാണ്. ചില ബാലറ്റ് പേപ്പറുകളിൽ നിങ്ങൾ  മാർക്ക് ഇട്ടിട്ടുണ്ടോയെന്നും കോടതി ആവർത്തിച്ചു. ഇതോടെ അതേയെന്നും എട്ട് പേപ്പറുകളിൽ  മാർക്ക് ചെയ്തതായും അദ്ദേഹം സമ്മതിച്ചു. ബാലറ്റ് പേപ്പറിൽ മാർക്ക് ഇടാൻ ഏത് നിയമമാണ് നിങ്ങൾക്ക് അധികാരം നൽകിയതെന്ന് ബഞ്ച് ചോദിച്ചു. എന്നാൽ, സ്ഥാനാർത്ഥികൾ ബാലറ്റ് പേപ്പറുകൾ വളച്ചൊടിച്ചുവെന്നും അവർ അത്  തട്ടിയെടുത്തു നശിപ്പിച്ചുവെന്നും അനിൽ മസീഹ് പറഞ്ഞു. ഇതോടെ ഇദ്ദേഹത്തെ വിചാരണ ചെയ്യണമെന്നും ഇയാൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുകയാണെന്നും ബഞ്ച് സോളിസിറ്റർ ജനറലിനോട് പറഞ്ഞു.
 

Latest News