മുസ്ലിം യുവാക്കളെ ജയിലിലടച്ച വിഗ്രഹം തകര്‍ക്കലിനു പിന്നില്‍ ഹിന്ദു യുവാവ്, നിരന്തരം പ്രാര്‍ഥിച്ചിട്ടും വിവാഹം നടന്നില്ല

ഭോപ്പാല്‍- മധ്യപ്രദേശില്‍ മുസ്ലിംകളെ ജയിലിലടക്കാന്‍ കാരണമായ വിഗ്രഹം തകര്‍ക്കലിനു പിന്നില്‍ ഹിന്ദു യുവാവാണെന്ന് പോലീസ് കണ്ടെത്തി.
മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ശിവക്ഷേത്രമാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വിഗ്രഹങ്ങളും ശിവലിംഗവും പിഴുത് ക്ഷേത്രത്തിന് പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു.
ക്ഷുഭിതരായ ഹിന്ദുക്കള്‍ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു.
സൗരഭ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, അന്‍വര്‍ ഖാന്‍, ബഫാത്തി, ഷാരൂഖ്, ബിട്ടു, റയീസ്, സീഷാന്‍, റെഹാന്‍ എന്നീ ഏഴ് മുസ്‌ലിംകള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഏഴു പേരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
അന്‍വര്‍ ഖാന്‍ പത്രപ്രവര്‍ത്തകനും റയീസ് പലചരക്ക് കട നടത്തുന്നയാളുമാണ്. ബഫാത്തിക്ക് ചിക്കന്‍ കടയുണ്ട്. സീഷാന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും രെഹാന്‍ ഡ്രൈവറുമാണ്.
നിരന്തരം പ്രാര്‍ഥിച്ചിട്ടും വിവാഹം നടക്കാത്തതില്‍ നിരാശനായ മദ്യപനായ ഹിന്ദുയുവാവാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പോലീസ് അറസ്റ്റ് ചെയ്ത പ്രതി ബമൗരി സ്വദേശി ഗ്യാര്‍സ
ക്ഷേത്രത്തിനും അതിനുള്ളിലെ വിഗ്രഹങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയതായി സമ്മതിച്ചു.
ഇത്രയും തവണ പ്രാര്‍ത്ഥിച്ചിട്ടും വിവാഹം കഴിക്കാനാകത്തതില്‍ ക്ഷുഭിതനായിരുന്നുവെന്ന മൊഴിയാണ് ചോദ്യം ചെയ്യലില്‍ രേഖപ്പെടുത്തിയത്. ക്ഷുഭിതനായ ഇയാള്‍ മദ്യലഹരിയില്‍ ക്ഷേത്രത്തിലെത്തി വിഗ്രഹങ്ങള്‍ തകര്‍ക്കുകയായിരുന്നു.
സംഭവം വിശദീകരിച്ച് ഗുണ പോലീസ് പത്രക്കുറിപ്പ് പുറത്തിറക്കി.രാത്രി ഏകദേശം രണ്ട്മണിയോടെ ക്ഷേത്രത്തിലെത്തിയ പ്രതി പുറത്ത് കിടന്നിരുന്ന കല്ലെടുത്ത് ശിവന്റെയും നന്ദിയുടെയും വിഗ്രഹങ്ങളില്‍ എറിഞ്ഞുവെന്നും വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

 

Latest News