Sorry, you need to enable JavaScript to visit this website.

കാടു കയറുന്ന മനുഷ്യനും കാടിറങ്ങുന്ന മൃഗങ്ങളും


കാട്ടാനകൾ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നത് മാധ്യമങ്ങൾക്ക് പലപ്പോഴും ആഘോഷവും കച്ചവടവുമാണ്. റേറ്റിംഗ് ഉയർത്താനുള്ള ഈ മത്സരത്തിനപ്പുറത്ത് മനുഷ്യ-മൃഗ സംഘർഷങ്ങൾക്ക് പിന്നിലുള്ള കയ്‌പേറിയ കാരണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. ചക്കക്കൊമ്പൻ, അരിക്കൊമ്പൻ, പടയപ്പ, ചില്ലിക്കൊമ്പൻ, ഒന്നരക്കൊമ്പൻ തുടങ്ങിയ പേരുകളിലെ കൗതുകത്തിനും ഹീറോയിസത്തിനും പിന്നാലെയാണ് പലപ്പോഴും മാധ്യമങ്ങളുടെ സഞ്ചാരം. പട്ടിണി മാറ്റാൻ ഭക്ഷണം തേടിയിറങ്ങുന്ന വന്യമൃഗങ്ങൾ പൈങ്കിളി വാർത്ത വിഭവങ്ങളായി മാറുകയാണ്.



മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടിയും കാട്ടുകൾ വെട്ടിത്തെളയിച്ചും മനുഷ്യൻ വനഭൂമകൾ കൃഷിഭൂമികളാക്കിയാണ് അതിജീവനത്തിന്റെ പടവുകൾ താണ്ടിയത്. കൊച്ചു കേരളത്തിന്റെ മനുഷ്യാധിനിവേശ ചരിത്രവും വനവും വന്യജീവികളുമായുള്ള പോരാട്ടത്തിന്റേതാണ്. ഇനിയും നിലച്ചിട്ടില്ലാത്ത ഈ അധിനിവേശത്തിന്റെ പ്രത്യാഘാതമാണ് ഭക്ഷണത്തിനായി കാടിറങ്ങി കൃഷിയിടങ്ങളിൽ നിന്ന് വിശപ്പടക്കിയും മനുഷ്യനെയും നാട്ടുമൃഗങ്ങളെയും വേട്ടയാടിയും വന്യജീവികൾ നടത്തുന്ന അതിജീവന സമരം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിലെ ഈ പുതിയ അധ്യായത്തിന്റെ ഉത്തരവാദിത്തം മുഴുവനായും മനുഷ്യന് തന്നെ. നിലനിൽപിനും അതിജീവനത്തിനുമായുള്ള ജീവിത സമരത്തിലേർപ്പെട്ടിരിക്കുന്ന സാധാരണ മനുഷ്യരല്ല, കാടിനെയും നാടിനെയും ഭരിക്കുന്ന ഭരണകൂടത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മനുഷ്യർ. അവരുടെ ഭാവനാശൂന്യതയും ശാസ്ത്രീയ അവബോധമില്ലായ്മയും മൂലം രൂപപ്പെട്ടു വന്നിരിക്കുന്ന പ്രതിസന്ധിയാണ് മനുഷ്യനെയും അവന്റെ ഉപജീവനോപാധികളെയും വന്യമൃഗങ്ങളുടെ ഇരകളാക്കിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കേരളത്തിൽ മനുഷ്യ വന്യജീവി സംഘർഷം വർധിച്ചുവരികയാണ്. വനമേഖലയ്ക്ക് സമീപം താമസിക്കുന്ന കർഷകർക്കിടയിൽ മരണങ്ങളും പരിക്കുകളും, കൂടാതെ വലിയ തോതിൽ കൃഷിനാശത്തിനും ഇത് കാരണമാകുന്നു. 2011 മുതൽ കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 1233 ലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടതായാണ് കണക്ക്. സംസ്ഥാന സർക്കാർ അടുത്തിടെ നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഓരോ വർഷവും നൂറിലധികം ജീവനുകൾ നഷ്ടപ്പെടുന്നു. 2016 മുതൽ 2023 വരെ 909 പേർ കൊല്ലപ്പെട്ടപ്പോൾ, മനുഷ്യ-മൃഗ സംഘർഷങ്ങളിൽ 7492 പേർക്ക് പരിക്കേൽക്കുകയും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 68.43 കോടി രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തു. 2022-23 ലെ സർക്കാർ കണക്കുകൾ പ്രകാരം 8873 വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ 4193 കാട്ടാനകളും 1524 കാട്ടുപന്നികളും 193 കടുവകളും 244 പുള്ളിപ്പുലികളും 32 കാട്ടുപോത്തുകളുമാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട 98 മരണങ്ങളിൽ 27 എണ്ണം ആനയുടെ ആക്രമണം മൂലമാണ്. മനുഷ്യർക്ക് അപകടമുണ്ടാക്കുന്നതിനൊപ്പം ഈ ആക്രമണങ്ങൾ കേരള വനാതിർത്തിയോട് ചേർന്നു കിടക്കുന്ന കാർഷിക മേഖലയെയും തകർത്തു. 2017 മുതൽ 2023 വരെ വന്യമൃഗങ്ങളുടെ ആക്രമണം മൂലം 20,957 ഏക്കറിൽ വിളനാശമുണ്ടായിട്ടുണ്ട്, വന്യമൃഗങ്ങൾ 1559 വളർത്തുമൃഗങ്ങളെ, പ്രധാനമായും കന്നുകാലികളെ കൊന്നു തിന്നു. 36.48 ശതമാനം വനവിസ്തൃതിയുള്ള വയനാട്ടിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആനയുടെ ആക്രമണത്തിൽ 41 പേരും കടുവയുടെ ആക്രമണത്തിൽ ഏഴ് പേരുമാണ് മരിച്ചത്. ആലപ്പുഴ ഒഴികെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 


കാട്ടാനകൾ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നത് മാധ്യമങ്ങൾക്ക് പലപ്പോഴും ആഘോഷവും കച്ചവടവുമാണ്. റേറ്റിംഗ് ഉയർത്താനുള്ള ഈ മത്സരത്തിനപ്പുറത്ത് മനുഷ്യ-മൃഗ സംഘർഷങ്ങൾക്ക് പിന്നിലുള്ള കയ്‌പേറിയ കാരണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. ചക്കക്കൊമ്പൻ, അരിക്കൊമ്പൻ, പടയപ്പ, ചില്ലിക്കൊമ്പൻ, ഒന്നരക്കൊമ്പൻ തുടങ്ങിയ പേരുകളിലെ കൗതുകത്തിനും ഹീറോയിസത്തിനും പിന്നാലെയാണ് പലപ്പോഴും മാധ്യമങ്ങളുടെ സഞ്ചാരം. പട്ടിണി മാറ്റാൻ ഭക്ഷണം തേടിയിറങ്ങുന്ന വന്യമൃഗങ്ങൾ പൈങ്കിളി വാർത്താ വിഭവങ്ങളായി മാറുകയാണ്. ചക്കക്കൊമ്പനെ കാട്ടിലേക്ക് എളുപ്പത്തിൽ തുരത്താൻ സാധിക്കാറുണ്ട്. ഇടുക്കി വന്യജീവി സങ്കേതത്തിൽ നിന്ന് അരിക്കൊമ്പൻ പുറത്തുവന്നിട്ട് ഒരുപാട് കാലമായിട്ടില്ല. കഴിഞ്ഞ ആറ് വർഷക്കാലം ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലെ നെൽവയലുകൾ, റേഷൻ കടകൾ, വീട്ടിലെ അടുക്കളകൾ, പലചരക്ക് കടകൾ എന്നിവയിൽ ധാന്യങ്ങൾക്കായി അരിക്കൊമ്പൻ റെയ്ഡ് നടത്തി. കാട് കയറാൻ വിസമ്മതിച്ച അരിക്കൊമ്പനെ കഴിഞ്ഞ വർഷം ജൂണിൽ പിടികൂടി തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടന്തുറ ടൈഗർ റിസർവിലേക്ക് മാറ്റിയപ്പോൾ വലിയൊരു തലവേദനയൊഴിഞ്ഞുവെന്നാണ് പലരും ധരിച്ചത്. പക്ഷേ കർണാടക സർക്കാർ റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ  ബേളൂർ മഖ്‌ന 47 കാരനെ ഓടിച്ചിട്ട് ചവിട്ടിക്കൊന്നതിനെത്തുടർന്ന് ഇപ്പോൾ വയനാട് തിളച്ചുമറിയുകയാണ്. ഇത് ഇവിടം കൊണ്ടൊന്നും നിൽക്കാൻ പോകുന്നില്ലെന്ന് വനപാലകർക്കും വനഗവേഷകർക്കും നന്നായറിയാം.


വയനാടിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് വന്യമൃഗങ്ങളുടെ നിരന്തര ആക്രമണത്തിന് വഴിയൊരുക്കുന്നത്. നാഗർഹോള ടൈഗർ റിസർവ്, ബന്ദിപ്പൂർ നാഷണൽ പാർക്ക്, കർണാടകയിലെ ബി.ആർ ടൈഗർ റിസർവ്, തമിഴ്‌നാട്ടിലെ മുതുമല ടൈഗർ റിസർവ്, സത്യമംഗലം വനം എന്നിവ ഉൾപ്പെടുന്ന വലിയ വനമേഖലയുടെ ഭാഗമാണ് വയനാട് ജില്ലയിലെ വനങ്ങൾ. വന്യമൃഗങ്ങൾ, പ്രത്യേകിച്ച് ആനകളും കടുവകളും ഭക്ഷണത്തിനായി സംസ്ഥാന അതിർത്തികളിലൂടെ സഞ്ചരിക്കുന്നു. എന്തുകൊണ്ട് ആനകളും കടുവകളും പുലികളും കാട്ടുപന്നികളുമൊക്കെ വനത്തിന്റെ ശീതളിമ വിട്ട് നാട്ടിലേക്കിറങ്ങുന്നുവെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം വനപാലകർക്കും വനഗവേഷകർക്കും വനംവകുപ്പിനെ നിയന്ത്രിക്കുന്നവർക്കുമുണ്ട്. പതിറ്റാണ്ടുകളായി അവർ ചെയ്തു പോന്ന പരമാബദ്ധങ്ങളുടെ സ്വാഭാവിക പരിണതിയാണ് ഓരോ വർഷവും പെരികിപ്പെരുകി വരുന്ന മനുഷ്യ-മൃഗ സംഘർഷങ്ങൾ. 

ഇടുക്കിയിലേക്ക് വന്നാൽ ഭക്ഷ്യയോഗ്യമല്ലാത്ത യൂക്കാലിപ്റ്റസ് മരങ്ങൾ നിറഞ്ഞ 365 ഹെക്ടർ വിസ്തൃതിയുള്ള പ്രദേശത്താണ് അരിക്കൊമ്പൻ മുമ്പ് ജീവിച്ചത്. ഇവ പുൽമേടുകളാക്കി മാറ്റിയിരുന്നെങ്കിൽ അരിക്കൊമ്പൻ മനുഷ്യവാസ സ്ഥലത്തേക്ക് വഴിതെറ്റിയെത്തില്ലായിരുന്നു. യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയവയുടെ വ്യാപനം സസ്യങ്ങളുടെ ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുകയും വന്യമൃഗങ്ങൾക്കുള്ള ഭക്ഷണത്തിന്റെ അഭാവത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. തെക്കേ അമേരിക്കയിൽ നിന്നുള്ള വാട്ടർ ഹയാസിന്ത്‌സ് കേരളത്തിലെ ജലാശയങ്ങൾ കൈയടക്കിയ മറ്റൊരു ആക്രമണകാരിയാണ്. ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന മറ്റൊരു ഇനം ആഫ്രിക്കൻ പായലും കായലുകൾ കീഴടക്കി. 2018 ലെ മഹാമാരിയും വെള്ളപ്പൊക്കവും സംസ്ഥാനത്തെ ആനകളുടെ ആവാസ കേന്ദ്രങ്ങളിൽ സെന്ന സ്‌പെക്റ്റാബിലിസ് (വീപ്പിംഗ് കാസിയ), മിക്കാനിയ, ലന്താന, യൂപ്പറ്റോറിയം തുടങ്ങിയ അധിനിവേശ സസ്യങ്ങളുടെ വ്യാപനം പെരുപ്പിച്ചതായി 2023 ജൂലൈയിലെ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ റിപ്പോർട്ട് പറയുന്നു. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം സസ്യഭുക്കുകളെയും മാംസഭുക്കുകളെയും ഒരുപോലെ ബാധിക്കുന്നു. മാംസഭുക്കുകളുടെ നിലനിൽപ് സസ്യഭുക്കുകളായ ഇരമൃഗങ്ങളുടെ ഉയർന്ന സാന്ദ്രതയെ നേരിട്ട് ആശ്രയിച്ചിരിക്കുന്നതിനാൽ ഇവയുടെ അഭാവം മാംസഭുക്കുകൾക്ക് ഭക്ഷ്യക്ഷാമമുണ്ടാക്കുന്നു. വനത്തിലെ സസ്യജാലങ്ങളിലെ മാറ്റങ്ങൾ കൂടാതെ, ചുട്ടുപൊള്ളുന്ന കാലാവസ്ഥയുടെ ഫലമായുള്ള ജലദൗർലഭ്യവും മൃഗങ്ങൾ കാടിറങ്ങാൻ കാരണമാകുന്നുണ്ട്.  ഖനനവും കൈയേറ്റവും ക്രമരഹിതമായ ടൂറിസം വികസനവും മൂലമുണ്ടാകുന്ന ആവാസ വ്യവസ്ഥയുടെ നാശം മൂലം വന്യജീവി ഇടനാഴികൾ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടതും മറ്റൊരു കാരണമാണ്.
പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി അടിയന്തര ഇടപെടലുകൾ നടത്തുന്നതിൽ സർക്കാരുകൾ പരാജയപ്പെടുന്ന കാഴ്ചയാണ് വർഷങ്ങളായി കാണാൻ കഴിയുന്നത്. 

Latest News