Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് ഹജിന് അനുമതി ലഭിക്കാത്തവർ ഈ ദിവസങ്ങൾ ഓർത്തുവെക്കുക

ജിദ്ദ-സൗദിയിൽനിന്ന് ഈ വർഷത്തെ ഹജിന് പുറപ്പെടാൻ താൽപര്യപ്പെടുകയും അതേസമയം, അനുമതി ലഭിക്കാത്തവരും റമദാൻ 20, ശവ്വാൽ പത്ത് എന്നീ തിയതികള്‍ ഓർത്തുവെക്കണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു. ഹജ് അപേക്ഷയുടെ രണ്ട്, മൂന്ന് ഘട്ടങ്ങളിൽ പണമടക്കേണ്ട ദിവസങ്ങളാണിത്.  നേരത്തെ ഹജിന് അപേക്ഷിച്ചിരുന്നവരിൽ ചിലർ ഈ ദിവസങ്ങളിൽ റദ്ദാക്കുന്നതാണ് മുൻ വർഷങ്ങളിലെ അനുഭവം. ഈ ഘട്ടങ്ങളില്‍ കഴിഞ്ഞ വർഷവും നിരവധി പേർക്ക് ഹജിന് അനുമതി ലഭിച്ചത്. ഹജിന് ഈ ദിവസങ്ങളിൽ അപേക്ഷിച്ചാൽ അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു. അതേസമയം, എല്ലാ ദിവസവും ഹജിന്റെ വെബ്‌സൈറ്റ് ചെക്ക് ചെയ്യണമെന്നും നേരത്തെ ബുക്കിംഗ് ലഭിച്ചവരിൽ ചിലർ കാൻസലാക്കുന്ന സമയത്ത് ആ ഒഴിവ് വെബ്‌സൈറ്റിൽ കാണിക്കുമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കി. 

ഹജിിന് അപേക്ഷിക്കാനാഗ്രഹിക്കുന്നവർ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ച് ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തണം.

 നടപടിക്രമങ്ങൾ ഇവയാണ്. 

അബ്ശിർ തുറന്ന് ഹന് അർഹനാണോയെന്ന് ആദ്യം പരിശോധിക്കണം. ശേഷം ഹജ്ജ് മന്ത്രാലയത്തിന്റെ സൈറ്റിൽ പ്രവേശിച്ച് ബുക്കിംഗ് ക്ലിക്ക് ചെയ്താൽ നേരെ നഫാതിലേക്ക് പോകും. അവിടെ ഇഖാമ നമ്പറും അബ്ശിർ പാസ്‌വേർഡും നൽകിയാൽ മൊബൈലിലെ നഫാത് ആപ്ലിക്കേഷനിലേക്ക് ഒരു നമ്പർ പോകും. അത് സെലക്ട് ചെയ്ത ശേഷമാണ് രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങുന്നത്.
ഹജ് രജിസ്‌ട്രേഷന് മുമ്പ് ഹജ് ചെയ്തിട്ടില്ലാത്തവർക്കാണ് മുൻഗണനയെങ്കിലും മഹ്‌റം അതിൽ നിന്നൊഴിവാണ്. ദുൽഹജ്ജ് അവസാനം വരെ ഇഖാമക്ക് കാലാവധിയുണ്ടായിരിക്കണം. ആശ്രിതരെ ഹജ്ജിന് കൊണ്ടുപോകാനുദ്ദേശിക്കുന്നുവെങ്കിൽ എല്ലാവരെയും ഒരേ പാക്കേജിൽ ഉൾപ്പെടുത്തണം. പരമാവധി 14 ആശ്രിതരെ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. പിന്നീട് സൗദിയിലെ ഏത് പ്രവിശ്യയിൽ നിന്നാണ് പോകുന്നതെന്ന് വ്യക്തമാക്കി പാക്കേജുകൾ തെരഞ്ഞെടുക്കാനാകും. പാക്കേജുകളുടെ വിശദാംശങ്ങളും അവർ ഒരുക്കുന്ന താമസ സൗകര്യവുമടക്കം എല്ലാം സൈറ്റിൽ കാണാം. പിന്നീട് സ്വന്തം ബാങ്ക് എകൗണ്ട് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. പണം നൽകുന്ന രീതി കൂടി തെരഞ്ഞെടുത്ത് ബുക്കിംഗ് പൂർത്തിയാക്കണം. മൂന്ന് ഗഡുക്കളായോ ഒന്നിച്ചോ പണമടക്കാം. ആദ്യഗഡു 20 ശതമാനം റമദാൻ ഒന്നിന് മുമ്പും രണ്ടാം ഗഡു 40 ശതമാനം റമദാൻ 20ന് മുമ്പും മുന്നാം ഗഡു ശവ്വാൽ 20ന് മുമ്പും അടക്കണം.

തെരഞ്ഞെടുത്ത പാക്കേജും കമ്പനിയും മാറ്റാൻ അനുവദിക്കില്ല. പകരം ബുക്കിംഗ് കാൻസൽ ചെയ്ത് വേറെ ബുക്കിംഗ് എടുക്കണം. അപേക്ഷകൻ പകർച്ച വ്യാധി രോഗങ്ങളില്ലാത്തവരായിരിക്കണം. നിശ്ചിത സമയത്ത് പണമടച്ചിട്ടില്ലെങ്കിൽ ഹജ് ബുക്കിംഗ് കാൻസൽ ആകും. തെരഞ്ഞെടുത്ത പാക്കേജിൽ പറയുന്ന പ്രകാരമാണ് മിനയിൽ നിന്ന് അറഫയിലേക്കും അറഫയിൽ നിന്ന് മുസ്ദലിഫയിലേക്കും മിനയിലേക്കും പോകേണ്ടത്. അബ്ശിർ വഴി ബാർകോഡുള്ള ഹജ് പെർമിറ്റാണ് ലഭിക്കുക. അത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കില്ല. സൈറ്റിലും ആപ്ലിക്കേഷനിലും പറഞ്ഞതിനപ്പുറമുള്ള പണം ഹജ് കമ്പനികൾക്ക് നൽകരുത്. കമ്പനികളെ കുറിച്ച് പരാതികളുള്ളവർ  അടുത്ത മുഹറം 15ന് മുമ്പ് മന്ത്രാലയത്തെ അറിയിക്കണം. ഒരു മൊബൈൽ നമ്പർ കൊണ്ട് ഒരു ബുക്കിംഗ് മാത്രമേ സാധ്യമാവുകയുള്ളൂ.

ദുൽഹജ്ജ് ഏഴുവരെയോ സീറ്റ് ഫുൾ ആകുന്നത് വരെയോ ബുക്കിംഗ് സ്വീകരിക്കും. ജിസിസി രാജ്യങ്ങളിലുള്ളവർക്കോ സന്ദർശന വിസയിലുള്ളവർക്കോ സൗദിയിലെ ആഭ്യന്തര ഹജ് സ്‌കീമിൽ ബുക്ക് ചെയ്യാനാവില്ല. ഒരു പാക്കേജിലും സ്ത്രീകൾക്ക് മഹ്‌റം കൂടെയുണ്ടായിരിക്കണമെന്നത് നിർബന്ധമില്ല.  ശവ്വാൽ 15 മുതലാണ് അബ്ശിർ വഴി ഹജ് അനുമതി പത്രം ലഭിക്കുക. അനുമതി പത്രം ലഭിച്ച ശേഷം കാൻസൽ ചെയ്യാൻ സൗകര്യമുണ്ട്. അടച്ച പണം രജിസ്റ്റർ ചെയ്ത എകൗണ്ടിൽ തിരിച്ചെത്തും. പക്ഷേ ഇത് ശവ്വാൽ 10ന് മുമ്പായിരിക്കണമെന്ന് മാത്രം. അനുമതി പത്രം പ്രിന്റ് ചെയ്ത ശേഷമോ ദുൽഖഅദ അവസാനമോ ബുക്കിംഗ് കാൻസൽ ചെയ്താൽ അടച്ച പണത്തിന്റെ 10 ശതമാനം കുറച്ച് ബാക്കി എകൗണ്ടിലെത്തും. ദുൽഹജ്ജ് ഒന്നിന് ശേഷമാണെങ്കിൽ അടച്ച പണം തിരിച്ചുലഭിക്കില്ല. എന്നാൽ ഭർത്താവിന്റെ മരണം മൂലം ഭാര്യക്ക് ബുക്കിംഗ് കാൻസൽ ചെയ്യേണ്ടിവന്നാൽ പണം തിരികെ ലഭിക്കും. ഹജിന് തടസ്സമായ വാഹനാപകടം, ആശുപത്രിയിൽ അഡ്മിറ്റാവൽ എന്നിവ നടന്നാൽ ബന്ധപ്പെട്ട റിപ്പോർട്ട് സഹിതം ഹജ്ജ് ബുക്കിംഗ് കാൻസൽ ചെയ്യാൻ അപേക്ഷിച്ചാൽ മുഴുവൻ പണവും തിരിച്ചുലഭിക്കും. ഹജിന് പോകുന്നവർ മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫ്‌ലുവൻസ എന്നിവക്ക് ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് കുത്തിവെപ്പെടുക്കണം.
 

Latest News