Sorry, you need to enable JavaScript to visit this website.

വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു

മാനന്തവാടി - വയനാട്ടില്‍ അടുത്തകാലം വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശനം നടത്തി. വന്യജീവി ആക്രമണത്തിന് ഇരകളായവരുടെ വീടുകളില്‍ മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ മറ്റംഗങ്ങളോ എത്താത്ത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കെയാണ് ഗവര്‍ണറുടെ വരവ്. കനത്ത സുരക്ഷയിലാണ് സന്ദര്‍ശനം. ഞായറാഴ്ച രാത്രി മട്ടന്നൂരില്‍നിന്നു  റോഡ്മാര്‍ഗം എത്തിയ ഗവര്‍ണര്‍ രാത്രി മാനന്തവാടിയിലാണ് തങ്ങിയത്.
വടക്കേ വയനാട്ടിലെ ചാലിഗദ്ദയില്‍ ഈ മാസം 10ന് രാവിലെ സമീപവാസിയുടെ വീട്ടുമുറ്റത്ത് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പനച്ചിയില്‍ അജീഷിന്റെ വീട്ടില്‍ രാവിലെ ഒമ്പതരയോടെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. അജീഷിന്റെ ഭാര്യ ഷീബ, മക്കളായ അല്‍ന, അലന്‍ എന്നിവരെയും കുടുംബത്തിലെ മറ്റംഗങ്ങളെയും ഗവര്‍ണര്‍ ആശ്വസിപ്പിച്ചു. അല്‍നയെ ചേര്‍ത്തിരുത്തിയാണ് ഗവര്‍ണര്‍ സാന്ത്വനം പകര്‍ന്നത്.
പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടി റോഡിലുള്ള ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നു മരിച്ച പാക്കം വെള്ളച്ചാലില്‍ പോള്‍, ഡിസംബര്‍ ഒമ്പതിന് പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലിക്കു സമീപം കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷ് എന്നിവരുടെ വീടുകളും ഗവര്‍ണര്‍ സന്ദര്‍ശിക്കും.  ഉച്ചയോടെ മാനന്തവാടി ബിഷപ്സ് ഹൗസില്‍ രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അദ്ദേഹം മടങ്ങുക.

 

Latest News