Sorry, you need to enable JavaScript to visit this website.

നാടോടി ദമ്പതികളുടെ രണ്ടു വയസ്സുകാരി മകളെ കാണാതായിട്ട് പത്ത് മണിക്കൂര്‍ പിന്നിട്ടു, പോലീസിന് ഒരു തുമ്പുമില്ല, ആശങ്കയില്‍ കേരളം


തിരുവനന്തപുരം - തിരുവനന്തപുരത്ത് നാടോടി ദമ്പതികളുടെ രണ്ടു വയസ്സുകാരിയായ മകളെ കാണാതായിട്ട് പത്ത് മണിക്കൂര്‍ പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിക്കാതെ പോലീസ്. തിരുവനന്തപുരം പേട്ട ഓള്‍ സെയിന്റ്‌സ് കോളേജിന് സമീപം ടെന്റ് കെട്ടി താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടു വയസുകാരി മകള്‍ മേരിയെ ആണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ആണ് കാണാതായത്. മഞ്ഞ സ്‌കൂട്ടറില്‍ എത്തിയവര്‍ എടുത്തുകൊണ്ടുപോയി എന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി. എന്നാല്‍ കുടുംബത്തിലുള്ളവര്‍ പല തരത്തിലുള്ള മൊഴിയാണ് പോലീസിന് നല്‍കുന്നത്. ഇത് പോലീസിനെ കുഴക്കുന്നുണ്ട്. 
ഹൈദരാബാദ് സ്വദേശികളായ അമര്‍ദ്വീപ് - റമീനദേവി ദമ്പതികളുടെ മകളാണ് മേരി. തേനെടുക്കുന്ന ജോലി ചെയ്യുന്നവരാണ് ഇവര്‍. ഇവര്‍ക്ക് നാലു കുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാന്‍ കിടന്നത്. അതിനിടെയാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കാണാതിരുന്നതോടെ മാതാപിതാക്കള്‍ പരിഭ്രാന്തരായി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.കുട്ടിയുടെ കുടുംബം ഇപ്പോള്‍ പോലീസ് സ്‌റ്റേഷനിലാണുള്ളത്. തേന്‍ ശേഖരിക്കാനായി പലയിടങ്ങളിലായാണ് കുടുംബ സമേതം കറങ്ങുന്നവരാണ് ഇവര്‍.

അതീവ സുരക്ഷയുള്ള മേഖലയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകല്‍. തൊട്ടടുത്ത് വിമാനത്താവളവും ബ്രഹ്‌മോസുമുണ്ട്. പ്രധാന പാതയോട് ചേര്‍ന്നുള്ള സ്ഥലത്ത് വെച്ചാണ് കുഞ്ഞിനെ കാണാതായത്. ചാക്കയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ സിസിടിവികളുണ്ട്. എന്നാല്‍ റോഡ് പണി നടക്കുന്നതിനാല്‍ പലതും പ്രവര്‍ത്തനക്ഷമം അല്ല.

തിരുവനന്തപുരത്ത് ഏറ്റവുമധികം അതിഥി തൊഴിലാളികളുള്ള സ്ഥലമാണിത്. മറ്റ് ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുകയാണ്. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതിര്‍ത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പോലീസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവിനാണ് അന്വേഷണ ചുമതല. 

Latest News