കൊല്‍ക്കത്ത- ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി മേഖലയില്‍ സമാധാനം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ അവരുടെ പാര്‍ട്ടി നേതൃത്വം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ തങ്ങള്‍ കൃത്യമായി നടപടിയെടുക്കാറുണ്ട്. ഇ.ഡി.യും ബി.ജെ.പിയും ചില മാധ്യമങ്ങളും പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നു. എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ തങ്ങള്‍ നടപടിയെടുക്കും.
പ്രശ്നങ്ങളുണ്ടായാല്‍ സ്വമേധയാ കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ബ്ലോക്ക് പ്രസിഡന്റടക്കം അറസ്റ്റിലാണ്. ബി.ജെ.പി അവരുടെ പ്രവര്‍ത്തകര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ബി.ജെ.പി. ബംഗാള്‍ വിരുദ്ധ, സ്ത്രീ വിരുദ്ധ, കര്‍ഷക വിരുദ്ധ, ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നും മമത കുറ്റപ്പെടുത്തി.
ഇ.ഡി.യേയും സി.ബി.ഐയേയും ഉപയോഗിച്ച് അവര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.ജെ.പിയുടെ ഉത്തരവനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പോരാടാനും അഭിപ്രായം പറയാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അവര്‍ ഓര്‍ക്കണം. നേരത്തെ ഇടതുപക്ഷത്തിന്റെ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന തനിക്ക് ഇപ്പോള്‍ ബി.ജെ.പിയുടെ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നു. സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തനിക്കെതിരെ ഒന്നിച്ചിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ ലൈംഗികാതിക്രമം നടത്തുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി. നേരത്തെ പ്രതിഷേധിച്ചിരുന്നു. പരിശോധനയ്ക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ തൃണമൂല്‍ അണികള്‍ മര്‍ദിച്ച ജനുവരി അഞ്ചുമുതല്‍ പ്രദേശം സംഘര്‍ഷഭരിതമാണ്. ഷാജഹാന്‍ ശൈഖ് അന്നുമുതല്‍ ഒളിവിലാണ്.
ഷാജഹാനും അനുയായികളും തങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നുവെന്നും സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്നുമാരോപിച്ച് നാട്ടുകാര്‍ നടത്തിയ പ്രതിഷേധവും അക്രമാസക്തമായിരുന്നു. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഷാജഖാന്‍ ശൈഖിനെതിരെ ഇ.ഡി. നടപടിയുണ്ടായത്. ഇതേത്തുടര്‍ന്ന് ഷാജഖാന്‍ ശൈഖ് ഒളിവില്‍ പോയതിന് പിന്നാലെയാണ് സന്ദേശ്ഖലിയിലെ സ്ത്രീകള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.