ബേലൂര്‍ മഖ്ന മടങ്ങി വരുന്നു; കാട്ടാന  കേരള-കര്‍ണാടക അതിര്‍ത്തിക്കടുത്തെത്തി

കല്‍പ്പറ്റ- മാനന്തവാടി പടമലയിലെ അജീഷ് എന്ന കര്‍ഷകന്റെ ജീവനെടുത്ത ബേലൂര്‍ മഖ്ന എന്ന കാട്ടാന വീണ്ടും മടങ്ങി വരുന്നതായി വിവരം. ആന കേരള- കര്‍ണാടക അതിര്‍ത്തിക്കടുത്ത് എത്തിയതായി വനംവകുപ്പ് അറിയിച്ചു. ആന ഇന്നലെ ഉച്ചയ്ക്ക് ശേഷം നാഗാര്‍ഹോള കടന്നിരുന്നു. എന്നാല്‍ ഇന്നലെ പകല്‍ ആന തിരിച്ചെത്താന്‍ സാധ്യതയില്ലെന്ന് നിഗമനം ഉണ്ടായിരുന്നെങ്കിലും രാത്രിയോടെ ആന തിരിച്ചു വന്നേക്കുമെന്ന് ദൗത്യ സംഘം പ്രതീക്ഷിച്ചിരുന്നു. വനംവകുപ്പിന്റെ പ്രതീക്ഷ തെറ്റാതെ ആന അതിര്‍ത്തിക്കടുത്ത് എത്തിയെന്നാണ് പുതിയ വിവരം. അതേസമയം, ബേലൂര്‍ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിലായിരിക്കുകയാണ്.
ട്രാക്ടര്‍ ഡ്രൈവര്‍ ആയ പടമല പനച്ചിയില്‍ അജീഷ് (45) എന്നയാളാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫ്രെബ്രുവരി 10 ന് ജനവാസ മേഖലയിലിറങ്ങിയ റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തുരത്താനുള്ള ശ്രമിക്കുന്നതിനിടെയാണ് അജീഷ് ആനയുടെ മുന്നില്‍പ്പെട്ടത്. ആനയെ കണ്ട് രക്ഷപ്പെടാനായി ജോമോന്‍ എന്നയാളുടെ വീട്ടിലേക്ക് അജീഷ് ചാടിക്കയറുന്നതിനിടെ നില തെറ്റി അജീഷ് താഴെ വീഴുകയായിരുന്നു. പിന്നാലെ പാഞ്ഞെത്തിയ ആന വീട്ടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറി അജീഷിനെ ചവിട്ടിയ ശേഷം കടന്ന് പോയി. തൊട്ടുപുറകെ എത്തിയ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും അജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വന്‍ പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് വയനാട്ടില്‍ അരങ്ങേറിയിരിക്കുന്നത്.

Latest News