ബേലൂര്‍ മഖ്ന കര്‍ണാടക വനത്തില്‍; അജീഷിന്റെ കുടുംബത്തിന് കര്‍ണാടക സമാശ്വാസധനം നല്‍കും

മാനന്തവാടി- പയ്യമ്പള്ളി ചാലിഗദ്ദയില്‍ ഫെബ്രുവരി 10ന് രാവിലെ കര്‍ഷകന്‍ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ മോഴയെ മയക്കുവെടിവെച്ച് പിടിക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഞായറാഴ്ചയും ലക്ഷ്യത്തിലെത്തിയില്ല. ആന കര്‍ണാടക വനത്തിലേക്ക് നീങ്ങിയതാണ് ദൗത്യത്തിനു തടസമായത്. 

ശനിയാഴ്ച രാത്രിയാണ് ആന കര്‍ണാട വനത്തിലേക്ക് മാറിയത്. രാവിലെ കേരള അതിര്‍ത്തിയില്‍ നിന്നു ഏകദേശം 500 മീറ്റര്‍ മാറിയാണ് ആന ഉണ്ടായിരുന്നത്. വൈകുന്നേരം അതിര്‍ത്തിയില്‍നിന്നു ഒന്നര കിലോമീറ്റര്‍ അകലെയാണ് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ആന അതിര്‍ത്തി താണ്ടി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നതു തടയുന്നിന് ശക്തമായ പട്രോളിംഗ് നടത്തുന്നുണ്ട്.

അജീഷിന്റെ കുടുംബത്തിന് സമാശ്വാസധനം അനുവദിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ അനുവാദം നല്‍കിയതായി വനം മന്ത്രി ഈശ്വര്‍ ഖന്ദ്രേ അറിയിച്ചു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നയാളുടെ കുടുംബത്തിന് കര്‍ണാടക അനുവദിക്കുന്ന അതേ തുകയാണ് അജീഷിന്റെ കുടുംബത്തിന് ലഭ്യമാക്കുക. 

കര്‍ണാടക വനം വകുപ്പ് മയക്കുവെടിവെച്ച് പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ചശേഷം വനത്തില്‍ മോചിപ്പിച്ച ആനയാണ് മൈലുകള്‍ താണ്ടി ചാലിഗദ്ദയിലെത്തിയത്. അജീഷിന്റെ കുടുംബത്തിന് സമാശ്വാസ ധനം ലഭ്യമാക്കണമെന്ന് കേരള സര്‍ക്കാര്‍ കര്‍ണാടക വനം വകുപ്പിനോട് അഭ്യര്‍ഥിച്ചിരുന്നു. ഈ വിവരം വനം മന്ത്രി അറിയിച്ച മുറയ്ക്കാണ് തുക അനുവദിക്കാന്‍ ഞായറാഴ്ച മുഖ്യമന്ത്രി അനുമതി നല്‍കിയത്. 

പുല്‍പള്ളിയിലും സമീപങ്ങളിലും ശല്യം ചെയ്യുന്ന കടുവയെ മയക്കുവെടിവെച്ച് പിടിക്കുന്നതിന് നീക്കം ആരംഭിച്ചതായി വനം അധികൃതര്‍ അറിയിച്ചു. ഇതിനകം നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ മയക്കുവെടിവെച്ച് പിടിക്കാന്‍ സംസ്ഥാന മുഖ്യ വനപാലകന്‍ കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.

മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചതായി അസിസ്റ്റന്റ്  വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

Latest News