ആദിവാസി യുവതി വെട്ടേറ്റു മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

പനമരം- മാനന്തവാടി അഞ്ചുകുന്നിനു സമീപം ആദിവാസി യുവതി വെട്ടേറ്റു മരിച്ചു. പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിരയാണ് (30) മരിച്ചത്. ഭര്‍ത്താവ് ബാബുവിനെ (40) ഗുരുതരാവസ്ഥയില്‍ മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ചയാണ് സംഭവം. മദ്യലഹരിയില്‍ വഴക്കിനിടെ ആതിരയെ വെട്ടിയശേഷം ബാബു ആത്മഹത്യക്കു ശ്രമിച്ചുവെന്നാണ് സൂചന. കഴുത്തിനു വേട്ടേറ്റ ആതിര സംഭവ സ്ഥലത്ത് മരിച്ചു.  ബാബുവിനും കഴുത്തിനാണ് പരിക്ക്. 

സ്ഥിരമായി മദ്യപിക്കുന്ന ബാബു വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് ആതിരയുടെ ബന്ധുക്കള്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് ആതിര മൂന്ന് മക്കള്‍ക്കൊപ്പം കര്‍ണാടകയില്‍ കാപ്പിത്തോട്ടത്തില്‍ പണിക്കുപോയിരുന്നു. കഴിഞ്ഞ ദിവസമാണ് തിരികെ വന്നത്. 

അനുവാദം തേടാതെ ആതിര കര്‍ണാടകയില്‍ പോയതുമായി ബന്ധപ്പെട്ട വഴക്കാണ് കൊലയില്‍ കലാശിച്ചതെന്ന അനുമാനത്തിലാണ് പോലീസ്. അളകനന്ദ, ദേവനന്ദ, ആദിത്ത് എന്നിവര്‍ മക്കളാണ്.

Latest News