ആളപായം ഒഴിവായി; യാത്രക്കിടെ കാര്‍ കത്തിനശിച്ചു 

നിലമ്പൂര്‍- നിലമ്പൂര്‍- നായാടംപൊയില്‍ മലയോര പാതയില്‍ യാത്രക്കിടെ കാര്‍ കത്തി നശിച്ചു. ഡോര്‍ തുറന്നു പുറത്തു ചാടിയതിനാല്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല. 'ഡസ്റ്റര്‍' കാറാണ് കത്തിനശിച്ചത്. 

നിലമ്പൂര്‍- നായാടംപൊയില്‍ റോഡില്‍ എക്സ് വളവിന് താഴെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. മങ്കട സ്വദേശിയായ മുഹമ്മദ് സലീമിന്റെ കാറാണ് പൂര്‍ണമായി കത്തി നശിച്ചത്. കക്കാടംപൊയിലെ വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിച്ച് മങ്കടയിലേക്ക് മടങ്ങുമ്പോഴാണ് അപകടം. 

നാലു പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്‍ഭാഗത്ത് പുക ഉയരുന്നതു കണ്ടു യാത്രക്കാര്‍ ഉടനടി പുറത്തേക്കിറങ്ങുകയായിരുന്നു. കാറിനു തീപിടിച്ചതോടെ റോഡിന്റെ ഇരുഭാഗങ്ങളില്‍ നിന്നു വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും ആശങ്കയിലായി. അര മണിക്കൂറിനുള്ളില്‍ കാര്‍ പൂര്‍ണമായി കത്തി നശിച്ചു. നിലമ്പൂരില്‍ നിന്നു 20 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ നശിച്ചിരുന്നു. 

വിവരമറിഞ്ഞു ചാലിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാദേവദാസ്, അംഗങ്ങളായ തോണിയില്‍ സുരേഷ്, സുമയ്യ പൊന്നാംകടവന്‍, പി. ടി. ഉസ്മാന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. 

നിലമ്പൂര്‍- നായാടംപൊയില്‍ റോഡിലെ എക്സ് വളവിന് താഴെയുള്ള ഭാഗത്തു വെള്ളിയാഴ്ച ലോറിയില്‍ കൊണ്ടുവന്ന വൈക്കോല്‍ കത്തി നശിച്ചിരുന്നു. 

Latest News