ക്യാമറ സ്ഥാപിച്ചാല്‍ മാത്രം പോരാ, ബോര്‍ഡ് വെക്കണം; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്-വാണിജ്യ, വ്യാപാര കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകളുണ്ടെന്ന കാര്യം സന്ദര്‍ശകരേയും ഉപയോക്താക്കളേയും അറിയിക്കുന്ന വ്യക്തമായ ബോര്‍ഡ് സ്ഥാപിച്ചിരിക്കണമെന്ന് ആഭ്യന്തര മന്ത്രലായം അറിയിച്ചു. നിരീക്ഷ ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും അതുസംബന്ധിച്ച ബോര്‍ഡ് സ്ഥാപിച്ചില്ലെങ്കില്‍ കുറ്റകരമാണ്. ഇത്തരം സംഭവങ്ങളില്‍ ആയിരം റിയാല്‍ പിഴ ചുമത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഒരു വാണിജ്യ സ്ഥാപനത്തിന് പിഴ ചുമത്തിയാല്‍, 60 ദിവസത്തിനുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവകാശമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കടകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും സ്ഥാപിക്കുന്ന സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ഓരോ ക്യാമറക്കും 500 റിയാല്‍ വീതം പിഴ നല്‍കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമലംഘനം പിടികൂടിയാല്‍ അപ്പീല്‍ നല്‍കാന്‍ 60 ദിവസം അനുവദിച്ചിട്ടുണ്ട്.

സൗദി മന്ത്രിസഭ പാസാക്കിയ സുരക്ഷ നിരീക്ഷണ ക്യാമറ വ്യവസ്ഥകള്‍ വാണിജ്യ വെയര്‍ഹൗസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, എക്‌സ്‌ചേഞ്ച്, മണി ട്രാന്‍സ്ഫര്‍ സെന്ററുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവക്ക് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിസഭ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ നടപ്പാക്കിയത്.

ഹോട്ടലുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ക്യാമറ നിയമം ബാധകമാണെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയതാണ്. പൊതു, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സിറ്റികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, താമസ കെട്ടിടങ്ങള്‍, റെസിഡന്‍സ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളിലും ഇത് ബാധകമാണ്. എന്നാല്‍ വ്യക്തികള്‍ സ്വകാര്യ താമസ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ ഇതിന്റെ പരിധിയില്‍ വരില്ല.
ടോയ്‌ലറ്റ് പോലുള്ള സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കരുത്. ക്യാമറ നശിപ്പിക്കുകയോ റെക്കോര്‍ഡ് ചെയ്യാതിരിക്കുകയോ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ 500 മുതല്‍ 20,000 റിയാല്‍ വരെ പിഴയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

 

Latest News