Sorry, you need to enable JavaScript to visit this website.

രാഹുൽഗാന്ധി പ്രസംഗിച്ച സ്ഥലം ഗംഗാജലം കൊണ്ട് കഴുകി ബി.ജെ.പി പ്രവർത്തകർ

വാരണാസി - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രസംഗിച്ച സ്ഥലം ഗംഗാ ജലം കൊണ്ട് കഴുകി ബി.ജെ.പി പ്രവർത്തകർ. ഭാരത് ജോഡോ ന്യായ് യാത്രയോടനുബന്ധിച്ച് ശനിയാഴ്ച വാരണാസിയിൽ രാഹുൽ ഗാന്ധി റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. 
 ഇതിൽ യാത്ര കടന്നുപോയ ഗോദൗലിയയിലെ നന്ദി കവലയാണ് 51 ലിറ്റർ ഗംഗാജലം ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതെന്ന് ബി.ജെ.പി പ്രവർത്തകർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ബി.ജെ.പിയുടെ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ സ്ഥലം കഴുകിയത്.
 നാട്ടിൽ വിദ്വേഷത്തിന് ഇടമില്ലെന്നും അനീതിക്കെതിരെ ശബ്ദമുയർത്തണമെന്നും ഇവിടത്തെ യോഗത്തിൽ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യ സ്‌നേഹത്തിന്റെ ഭൂമിയാണ്, ഇവിടെ വിദ്വേഷത്തിന് ഇടമില്ല. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് രാജ്യം സുശക്തമാകുന്നത്. ന്യായ് യാത്രയുമായി ഞങ്ങൾ 4000 കിലോമീറ്റർ സഞ്ചരിച്ചു. കർഷകർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, വനിതകൾ തുടങ്ങിയവരെയെല്ലാം കണ്ടു. അവരെല്ലാം ഒട്ടേറെ ആവലാതികൾ നിരത്തി. പലയിടത്തും ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർ സംഘർഷത്തിന് ശ്രമിച്ചെങ്കിലും ഞങ്ങൾ ഏറ്റുമുട്ടലിന് മുതിർന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. 
 മണിപ്പൂർ മുതൽ മുംബൈ വരെയുള്ള 15 സംസ്ഥാനങ്ങളിലൂടെ 6700 കിലോമീറ്ററാണ് രാഹുൽ ഗാന്ധി രണ്ടാംഘട്ട ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നത്. അതിനിടെ, വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ വീണ്ടും ജീവൻ നഷ്ടമായതോടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അവധികൊടുത്ത് രാഹുൽ കേരളത്തിലാണിപ്പോൾ. ഫെബ്രുവരി 25-നാണ് യു.പിയിലെ പര്യടനം പൂർത്തിയാവുക.

Latest News