തെരഞ്ഞെടുപ്പ് ക്രമക്കേട്; ഉദ്യോഗസ്ഥരുടെ ആരോപണത്തില്‍ പാകിസ്താന്‍ അന്വേഷണം പ്രഖ്യാപിച്ചു

ഇസ്‌ലാമാബാദ്- തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ഉദ്യോഗസ്ഥരുടെ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ഉന്നതതല സമിതിയെ നിയോഗിച്ച് പാകിസ്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍. റാവല്‍പിണ്ടിയില്‍ നിന്ന് 13 സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി പ്രഖ്യാപിച്ചത് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് റാവല്‍പിണ്ടിയിലെ മുന്‍ കമ്മിഷണര്‍ ലിയാഖത്ത് അലി ഛത്ത ആരോപിച്ചിരുന്നു. 

തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് ആരോപിക്കുകയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയുംചെയ്തതോടെയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. 

ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നാണ് ഛത്ത രാജിക്കത്ത് നല്‍കി പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മേധാവിയും ചീഫ് ജസ്റ്റിസും വിഷയത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. പാക് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഈ ആരോപണം തള്ളി. 
ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തരമായി യോഗം ചേര്‍ന്ന് അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിച്ചത്. അന്വേഷണത്തിനൊടുവില്‍ കമ്മിഷന്‍ വിഷയത്തില്‍ തീരുമാനമെടുക്കും. 

മൂന്നു ദിവസത്തിനകം പ്രധാനപ്പെട്ട ജില്ലകളിലെ റിട്ടേണിങ് ഓഫിസര്‍മാരുടെ മൊഴിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടന്ന 265 സീറ്റുകളില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പി ടി ഐക്ക് 93 സീറ്റാണ് ലഭിച്ചത്. നവാസ് ഷരീഫിന്റെ പി എം എല്‍- എന്‍ 75 സീറ്റുകളിലും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 54 സീറ്റുകളിലും വിജയിച്ചു. നിലവിലെ സാഹചര്യത്തില്‍ പി എം എല്‍- എന്‍ പി പി പിയുമായി സഖ്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. 17 സീറ്റുകളുള്ള മുത്താഹിദ ക്വാമി മൂവ്‌മെന്റ് പാക്കിസ്ഥാനും സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. 133 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി വേണ്ട കേവല ഭൂരിപക്ഷം.

Latest News