കോട്ടയം- നേവി ഉദ്യോഗസ്ഥനായ മിസ്റ്റർ ഇന്ത്യ അറസ്റ്റിലായ കേസിലെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ ഒമ്പതു യുവാക്കൾ പിടിയിലായി. പെൺകുട്ടിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ഫോട്ടോ ഡൗൺലോഡ് ചെയ്ത് പത്രവാർത്തകളോടൊപ്പം പെൺകുട്ടിയെ തിരിച്ചറിയും വിധം ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് കൈമാറിയ ഒമ്പത് യുവാക്കളാണ് പിടിയിലായത്്. പീഡനത്തിനിരയാകുന്ന പെൺകുട്ടികളുടെ ഐഡന്റിറ്റി വെളിവാക്കുന്നത് കുറ്റകരമാണെന്നിരിക്കെ, അത് ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിച്ചവർ ആണ് അറസ്റ്റിൽ ആയതെന്ന്്് പോലീസ് അറിയിച്ചു.
ചാലുക്കുന്ന് അറുത്തൂട്ടിക്കൽ വീട്ടിൽ തമ്പി മകൻ ബിജു എ.ടി, അയ്മനം ചീപ്പുങ്കൽ വരമ്പിനകം ഭാഗത്ത് രാജൻ മകൻ ഷാമോൻ വി.രാജൻ, മുട്ടാർ കൊല്ലമാലിൽ വീട്ടിൽ രാജു മകൻ രാജേഷ്.ആർ, പരിപ്പ് തൊള്ളായിരം ഭാഗത്ത് തുമ്പക്കണ്ടം വീട്ടിൽ ബാബു മകൻ ജിബിൻ ബാബു, പരിപ്പ് പുതുവേൽ വീട്ടിൽ ജോൺ മകൻ ജോമോൻ പി.ജോമോൻ, മള്ളൂശ്ശേരി ബി.എസ്.എൻ.എൽ ടവറിനു സമീപം കല്ലംപള്ളിൽ വീട്ടിൽ ജോൺ മകൻ ജിബിൻ കെ.ജോൺ, പുതുവേൽ ജോണി മകൻ ജെയ്‌സൺ ജോണി, മൂലവട്ടം തച്ചുകുന്ന് ഭാഗത്ത് തെക്കേടത്ത് വീട്ടിൽ ടി.എൻ നാരായണൻ മകൻ സരിത്ത് രാജ്, മൂലവട്ടം ഭാഗത്ത് നന്ദനം വീട്ടിൽ ഗോപാലൻ മകൻ അനിൽകുമാർ, പരിപ്പ് വാഴവേൽക്കകം വീട്ടിൽ സന്തോഷ് ശർമ എന്നിവർ ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ ഫോട്ടോ ഉൾപ്പെടുന്ന പോസ്റ്റ് ഷെയർ ചെയ്ത കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകും. പ്രതികളുടെ സ്മാർട്ട് ഫോണുകൾ പോലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരോശോധനക്ക്്് അയക്കും. കേസിൽ അന്വേഷണം ഊർജിതമായി നടക്കുന്നു. വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
പീഡന ശ്രമത്തിനിടെ അമിത രക്തസ്രാവത്തെ തുടർന്നു യുവതി ആശുപത്രിയിലായ സംഭവത്തിലാണ്് നേവി ഉദ്യോഗസ്ഥനായ മിസ്റ്റർ ഇന്ത്യയെ അറസ്റ്റു ചെയ്തത്. കുടമാളൂർ സ്വദേശിയായ മിസ്റ്റർ ഇന്ത്യ മുരളികുമാറാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പീഡനത്തിനിരയായ യുവതി ഇപ്പോഴും കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.