ഇത് മനുഷ്യത്വത്തിന്റെ ശബ്ദമാണ്... ഇസ്രായിലി സൈനിക സാമഗ്രികളില്‍ തൊടില്ലെന്ന് ഇന്ത്യയിലെ കപ്പല്‍ തൊഴിലാളികള്‍

ന്യൂദല്‍ഹി - ഫലസ്തീനികള്‍ക്കെതിരായ ഇസ്രായിലിന്റെ ക്രൂരയുദ്ധത്തിനിടയില്‍ മനുഷ്യപ്പറ്റുള്ള തീരുമാനവുമായി രംഗത്തുവന്നിരിക്കുകയാണ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (WTWFI) . ഇസ്രായിലിന്റേയോ അതിനെ പിന്തുണക്കുന്ന രാജ്യങ്ങളുടേയോ സൈനിക സാമഗ്രികളടങ്ങിയ ഒരു കപ്പലും തങ്ങള്‍ തൊടില്ലെന്ന് തൊഴിലാളികള്‍ പ്രഖ്യാപിച്ചു.
തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള സംഘടന, ഏകദേശം 3,500 തൊഴിലാളികളുമായി ഇന്ത്യയിലെ 11 പ്രധാന തുറമുഖങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
ഫലസ്തീന്‍ ജനതക്ക് നേരെ നടക്കുന്ന യുദ്ധത്തിനെതിരായ തങ്ങളുടെ നിലപാട് പ്രസ്താവനയില്‍ പ്രഖ്യാപിക്കുന്നു.  ' ഫലസ്തീനിലെ ഇസ്രായില്‍ ആക്രമണം വലിയ നഷ്ടത്തിനും കഷ്ടപ്പാടുകള്‍ക്കും കാരണമായി. സ്ത്രീകളും കുട്ടികളും ദുരിതക്കയത്തിലേക്ക് എറിയപ്പെട്ടിരിക്കുന്നു. ഈ ഘട്ടത്തില്‍, ഇസ്രായിലില്‍ നിന്നുള്ള എല്ലാത്തരം ആയുധങ്ങളും ചരക്കുകളും കൈകാര്യം ചെയ്യാന്‍ ഞങ്ങളുടെ യൂണിയന്‍ വിസമ്മതിക്കുന്നു. ഉത്തരവാദിത്തമുള്ള ട്രേഡ് യൂണിയന്‍ എന്ന നിലയില്‍, സമാധാനത്തിനും സ്വതന്ത്ര ഫലസ്തീന്റെ ആവശ്യത്തിനും വേണ്ടി പ്രചാരണം നടത്തുന്നവരോട് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
അതിനാല്‍, ഫലസ്തീന്‍/ഇസ്രായിലിലേക്ക് സൈനിക സാമഗ്രികള്‍ കൊണ്ടുപോകുന്ന ഒരു കപ്പലുകളും ഇനി കൈകാര്യം ചെയ്യരുതെന്ന് ചരക്ക് കൈകാര്യം ചെയ്യുന്ന മേഖലയിലെ ഇന്ത്യയിലെ വിവിധ പ്രധാന തുറമുഖങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പോര്‍ട്ട് & ഡോക്ക് തൊഴിലാളികളെ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.
'ഞങ്ങള്‍ ആഗോള ബോഡിയായ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയനുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. നവംബറില്‍ ഏഥന്‍സില്‍ നടന്ന ലോക ട്രേഡ് യൂണിയനുകളുടെ ഒരു മീറ്റിംഗില്‍, എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി വിശദീകരിച്ചപ്പോള്‍, ഫലസ്തീനില്‍നിന്നുള്ള ട്രേഡ് യൂണിയന്‍ പ്രതിനിധി അവിടെയെത്തിയതും ആവേശകരമായി സ്വീകരിക്കപ്പെട്ടതും ഞങ്ങള്‍ കണ്ടു. ആയുധം നിറച്ച ചരക്കുകളൊന്നും കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു -വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ടി. നരേന്ദ്ര റാവു പറഞ്ഞു. ഇസ്രായിലില്‍ നിന്നുള്ള ആയുധങ്ങള്‍ അടങ്ങിയ ഒരു കപ്പലും ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലെന്നും റാവു കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ അടുത്തിടെ 20 ലധികം ഹെര്‍മിസ് ഡ്രോണുകള്‍ ഇസ്രായിലിന് നല്‍കിയിരുന്നു. ഗാസയിലെ യുദ്ധത്തില്‍ ഈ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്.

 

Tags

Latest News