ഡെറാഡൂണ്‍- ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ തകര്‍ത്ത മദ്‌റസ നിലനിന്നിരുന്ന ഭൂമിയുടെ ഉടമയായ അബ്ദുല്‍ മാലികിന്റെ വീട് അധികൃതര്‍ കണ്ടുകെട്ടി. സംഘര്‍ഷത്തിലുള്ള പങ്ക് ആരോപിച്ചാണ് നടപടി. കേസില്‍ മുഖ്യപ്രതിയായി ആരോപിച്ച് മാലികിനെ നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു. ഇദ്ദേഹത്തില്‍നിന്ന് രണ്ടര കോടി രൂപ നഷ്ടപരിഹാരം ഈടാക്കാനും പോലിസ് തീരുമാനിച്ചിരുന്നു. കൂടുതല്‍ ആളുകളുടെ വീട് കണ്ടുകെട്ടാനുള്ള നീക്കത്തിലാണ് അധികൃതര്‍.
ഈ മാസം എട്ടിന് തകര്‍ക്കപ്പെട്ട മദ്‌റസ ബന്‍ഫൂല്‍പുരയിലെ ആറേക്കര്‍ ഭൂമിയില്‍ 20 വര്‍ഷം മുമ്പാണ് നിര്‍മിച്ചത്. സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം ഇത് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കി. ഈ മാസം നാലിന് മദ്‌റസ മുദ്രവച്ചു. മദ്‌റസ കമ്മിറ്റിയും പ്രദേശത്തെ മുസ്‌ലിം നേതാക്കളും ഹല്‍ദ്വാനി മുനിസിപ്പാലിറ്റിയെ സമീപിച്ചെങ്കിലും അനുകൂലതീരുമാനം ഉണ്ടായില്ല. ഒടുവില്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കുന്നതിന് ആറുദിവസം മുമ്പാണ് ഹല്‍ദ്വാനി മുനിസിപ്പിലാറ്റി അധികൃതര്‍ ബുള്‍ഡോസറുമായി മുസ്ലിം ഭൂരിപക്ഷപ്രദേശമായ ബന്‍ഫൂല്‍പുരയിലെത്തിയത്.
തകര്‍ക്കലിനെതിരേ ബുള്‍ഡോസറിന് മുന്നില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ അടക്കമുള്ളവരെ പോലീസ് നേരിടുകയായിരുന്നു. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നാണ് പോലിസ് പറയുന്നത്.






