Sorry, you need to enable JavaScript to visit this website.

പണം പിരിക്കുന്ന താൽപര്യം വിതരണത്തിൽ ഇല്ല -കുഞ്ഞാലിക്കുട്ടി 

കോഴിക്കോട് - പ്രളയ ദുരിതാശ്വാസത്തിനായി സമാഹരിക്കുന്ന പണം മറ്റു ആവശ്യങ്ങൾക്ക് ചെലവിടരുതെന്ന് മുസ്‌ലിം ലീഗ് നേതൃയോഗം സർക്കാറിനോടാവശ്യപ്പെട്ടു. പിരിക്കുന്നതിൽ കാണിക്കുന്ന താൽപര്യം അർഹർക്ക് വിതരണം ചെയ്യുന്നതിൽ സർക്കാരിനില്ലെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി കുറ്റപ്പെടുത്തി. ഇ.ടി.മുഹമ്മദ് ബഷീർ എം.പി, നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ.മുനീർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
അടിയന്തര സഹായമായി 10,000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ആഴ്ചകളായെങ്കിലും ഇനിയും കൊടുത്തു തുടങ്ങിയിട്ടില്ല. എല്ലാം നഷ്ടമായവർക്ക് നിവർന്ന് നിൽക്കാനുള്ള തുകയാണിത്. എത്രയും പെട്ടെന്ന് കൊടുക്കണം. നവകേരളം എന്നൊക്കെ പറഞ്ഞുള്ള പദ്ധതികൾക്കല്ല, പ്രളയ പുനരധിവാസത്തിനാണ് പിരിക്കുന്ന പണം ചെലവിടേണ്ടത്. സർക്കാറിന്റെ ധനശേഷി മെച്ചപ്പെടുത്താനുള്ള അവസരമായി ഇതിനെ കാണരുത്.
വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മയും തർക്കവും കഴിവുകേടും ആണ് വലിയ പ്രളയത്തിലേക്ക് കേരളത്തെ തളളിയത്. ഡാമുകൾ നിറഞ്ഞ സാഹചര്യത്തിൽ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു. ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചതിന് ഇതാണ് കാരണം. മാധവ് ഗാഡ്ഗിൽ അടക്കമുള്ള പ്രമുഖർ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം വേണം.
പ്രളയം ബാധിച്ച ഗ്രാമങ്ങളെ നിശ്ചയിച്ചതിൽ തെറ്റ് പറ്റിയിട്ടുണ്ട്. ഇതെത്രയും വേഗം തിരുത്തണം. പ്രളയ ദുരിതം പേറുന്ന സർക്കാർ ജീവനക്കാരടക്കമുള്ളവരോട് പണം പിരിക്കുന്നത് ശരിയല്ല. ദുരിതബാധിതർക്ക് അങ്ങോട്ട് കൊടുക്കുകയാണ് വേണ്ടത്.
പരിസ്ഥിതി സൗഹൃദമായ വികസന നയം സർക്കാർ കൊണ്ടുവന്നാൽ പിന്തുണക്കും. ഈ നിലയിലുള്ള വികസനം തുടരാനാവില്ലെന്ന് ഒട്ടേറെ പേർ ചൂണ്ടിക്കാട്ടുന്നത് മുഖവിലക്കെടുക്കണം - നേതാക്കൾ പറഞ്ഞു.

Latest News