Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പായി, വീണ വിജയനെ സി.പി.എം കൈവിടുന്നു, വല്ലാതെ പിന്തുണക്കില്ല

തിരുവനന്തപുരം -  മാസപ്പടിക്കേസില്‍ വെട്ടിലായ സി.പി.എം നിലപാട് മയപ്പെടുത്തുന്നു. കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് നേരിട്ട തിരിച്ചടിയും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സി.പി.എമ്മും സംസ്ഥാന സെക്രട്ടറിയും വീണ വിജയനെ കട്ടയ്ക്ക് പിന്തുണയ്ക്കുകയായിരുന്നു. ഇനി അതുണ്ടാവില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഒരാളുടെ വിവാദക്കേസിനെ പിന്തുണക്കുന്നത് അപകടകരമായിരിക്കുമെന്ന് തിരിച്ചറിയുന്നു. നേരത്തെ അതിശയകരമായ പിന്തുണയും ആരെയും അത്ഭുതപ്പെടുത്തുന്ന നിലപാടുമാണ് മാസപ്പടി വിവാദത്തില്‍ സിപിഎം മുഖ്യമന്ത്രിക്കും മകള്‍ക്കും നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സര്‍ക്കാരിനും എതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ വേട്ടയാടലായാണ് കേസിനെ പാര്‍ട്ടി ഇത്രനാളും വിശദീകരിച്ചതും. കെ.എസ്.ഐ.ഡി.സിക്ക് പിന്നാലെ എക്‌സാലോജിക്കിനും ഹൈക്കോടതിയില്‍ നിന്നേറ്റ തുടര്‍ച്ചയായ തിരിച്ചടിക്ക് ശേഷമാണ് പാര്‍ട്ടി നിലപാട് മാറ്റുന്നത്. കേസു നടത്തിപ്പും അന്വേഷണം അടക്കമുള്ള തുടര്‍നടപടികളും എക്‌സാലോജിക്കിന്റെയും വീണാ വിജയന്റെയും ഉത്തരവാദിത്തം മാത്രമെന്ന നിലപാടിലാണിപ്പോള്‍ നേതൃത്വം. കേസ് നടത്തിപ്പിന്റെ സാങ്കേതികതകളില്‍ ഓരോന്നിനോടും പ്രതികരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയിലേക്ക് എത്തുമ്പോള്‍ മാത്രം പ്രതിരോധിച്ചാല്‍ മതിയെന്നുമാണ് ധാരണ. ചോദ്യം ചെയ്യലടക്കമുള്ള തുടര്‍ നടപടികളിലേക്ക് എസ്.എഫ്.ഐ.ഒ കടന്നാല്‍ അത് തെരഞ്ഞെടുപ്പ് കാലത്ത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ബോധ്യത്തിലാണ് ഇത്.   
വിവാദ വ്യവസായിയുമായി മുഖ്യമന്ത്രിയുടെ മകള്‍ ഉണ്ടാക്കിയ ബിസിനസ് ബന്ധത്തിലെ ധാര്‍മ്മികത വിശദീകരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പാര്‍ട്ടി നേതാക്കള്‍ പരസ്യമായി വീണയെ പിന്തുണക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശം പല തലങ്ങളില്‍ ഉയരുന്നുണ്ട്. പാര്‍ട്ടി പറയുന്നതല്ല ശരിയെന്ന തോന്നല്‍ പൊതുജനങ്ങളിലുണ്ടാക്കാന്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ആയിട്ടുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന വിധിയില്‍ എക്‌സാലോജിക്കിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ വീണ വിജയനില്‍നിന്നു ഉടന്‍തന്നെ മൊഴിയെടുക്കാനുള്ള നടപടി ആരംഭിക്കും.

 

Latest News