ഗവേഷണ മേഖലയില്‍ കേരളത്തിന് ലോകനിലവാരമില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട് - ഗവേഷണ മേഖലയില്‍ കേരളത്തിന്റെ ലോകനിലവാരമില്ലായ്മയെ പറ്റി ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിന്റെ തുടര്‍ച്ചയായി സര്‍വകലാശാല വിദ്യാര്‍ത്ഥികളെ  അഭിസംബോധന ചെയ്തു കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍  കാലാനുസൃതമായ ഉടച്ചുവാര്‍ക്കല്‍ ആണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അടുത്ത വര്‍ഷം നാല് വര്‍ഷ ബിരുദ കോഴ്‌സ് നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെ മുഖച്ഛായ തന്നെ മാറും. കായിക രംഗത്തെ നേട്ടങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റ് ലഭിക്കും. പൂര്‍ണമായും വിദ്യാര്‍ത്ഥി കേന്ദ്രീകൃത മാറ്റമാണ് നടപ്പാക്കുന്നത്.
ഗവേഷണ മേഖലയില്‍ ലോകനിലവാരത്തില്‍ എത്താന്‍ സംസ്ഥാനത്തിന് സാധിക്കുന്നില്ല. നമുക്ക് ഇന്‍ഹൗസ് എക്‌സലന്‍സ് കഴിയുന്നില്ല. ഇതേക്കുറിച്ച് ഗൗരവമായി ചിന്തിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കണം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി വലിയ തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഗവേഷണ മേഖലയില്‍ ചെലവഴിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്‌കോളര്‍ഷിപ്പിനായി ഏറ്റവും കൂടുതല്‍ തുക മുടക്കുന്നത് കേരളമാണ്. ഇത് ചെലവായിട്ടല്ല, ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കാണുന്നത്. കൂടുതല്‍ ഡോക്ടര്‍മാര്‍ ഗവേഷണത്തിന് വരണം.


വരാനിരിക്കുന്ന കാലത്തേക്ക് കേരളത്തെ സജ്ജമാക്കുക എന്നതാണ്  ലക്ഷ്യം.  മള്‍ട്ടിഡിസിപ്ലിനറി സമീപനമാണ് ലോകമൊട്ടുക്കും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്. അതിനൂതനമായ മേഖലകളിലും നമ്മുടെ വിദ്യാര്‍ഥികളുടെ പ്രാവീണ്യം വേണം.
രണ്ടര വര്‍ഷം കൊണ്ട് ബിരുദം നേടുന്ന ഏണ്‍ എ സെമെസ്റ്റര്‍ പോലുള്ള സംവിധാനം നടപ്പാവാന്‍ കേരളത്തില്‍ വഴി ഒരുങ്ങുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കെറീപ് സോഫ്റ്റ്‌വെയര്‍ നിലവില്‍ വന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലകളില്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുമെന്നും ഇതിനായി നിയമവും ചട്ടവും പരിഷ്‌കരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബ്ബ് ആയി കേരളം തിരിച്ചറിയണം. ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ പേര്‍ക്ക് പ്രാപ്യമാണെങ്കിലും ഗുണമേന്മയില്‍  നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അടിസ്ഥാന ശാസ്ത്രബോധവും മാനവിക ബോധവുമുള്ള വിദ്യാര്‍ത്ഥിക്കേ നവകേരളം സൃഷ്ടിക്കാനാവുകയുള്ളൂ  അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു അധ്യക്ഷത വഹിച്ചു.

 

Latest News