മധ്യപ്രദേശ് മുഖ്യമന്ത്രി ചൗഹാന് നേരെ കല്ലേറും ചെരിപ്പേറും

കോൺഗ്രസാണ് പിന്നിലെന്ന് ബി.ജെ.പി
തെളിയിക്കാൻ വെല്ലുവിളിച്ച് കോൺഗ്രസ്

ചുർഹത്(മധ്യപ്രദേശ്)- മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നേരെ ചെരിപ്പേറും കല്ലേറും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ജൻ ആശീർവാദ് യാത്രക്ക് നേരെയാണ് ജനക്കൂട്ടം പ്രതിഷേധിച്ചത്. കരിങ്കൊടിയും കാണിച്ചു. മധ്യപ്രദേശ് നിയമസഭ പ്രതിപക്ഷ നേതാവ് അജയ് സിംഗിന്റെ മണ്ഡലമാണ് ചുരാഹത്. കോൺഗ്രസാണ് സംഭവത്തിന് പിന്നിലെന്നാണ് ബി.ജെ.പിയുടെ ആരോപണം. 
കോൺഗ്രസ് എന്റെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണ്. അജയ്‌സിംഗാണ് അക്രമത്തിന് പിന്നിൽ. ഒരു രാഷ്ട്രീയക്കാരനും ഇത്രയേറെ തരംതാഴ്ന്നിട്ടില്ലെന്നും ചൗഹാൻ ആരോപിച്ചു. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ മുമ്പും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാറുണ്ടെങ്കിലും ഇതാദ്യമായാണ് അക്രമം നടത്തുന്നതെന്നും ചൗഹാൻ ആരോപിച്ചു. ജനാധിപത്യത്തെ തകർക്കുന്നതിന് വേണ്ടി അക്രമം പ്രോത്സാഹിപ്പിക്കുകയാണ് കോൺഗ്രസ്. തന്റെ ബസിന്റെ ചില്ലുകൾ തകർത്തതായും അദ്ദേഹം പറഞ്ഞു. 
അതേസമയം, ഒരു കോൺഗ്രസ് പ്രവർത്തകനും അക്രമത്തിന് പിന്നിലില്ലെന്ന് അജയ് സിംഗ് തിരിച്ചടിച്ചു. തന്റെയും പാർട്ടിയുടെയും പേര് മോശമാക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 
അതേസമയം, മധ്യപ്രദേശിൽ ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ ജനങ്ങളുടെ പ്രതിഷേധം പതിവാണ്. പട്ടിക ജാതി, പട്ടിക വർഗ നിയമത്തിൽ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് ആഴ്ച്ചകളായി മധ്യപ്രദേശിൽ പ്രക്ഷോഭം നടക്കുന്നുണ്ട്. ഞായറാഴ്ച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ ഗ്വാളിയോറിലെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതേദിവസം തന്നെ കോൺഗ്രസ് നേതാവ് കമൽനാഥിനെ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കോൺഗ്രസിന്റെ ലോക്‌സഭ എം.പി ജോതിരാദിത്യ സിന്ധ്യയുടെ വസതിയിലേക്കും ബി.ജെ.പിയുടെ രാജ്യസഭാംഗം പ്രഭാത് ഝായുടെ വീട്ടിലേക്കും മാർച്ച് നടത്തി.
 

Latest News