ടെല്‍ അവീവ് - ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ടെല്‍ അവീവില്‍ വന്‍ പ്രകടനം. എല്ലാ ദിവസവും നഗരത്തില്‍ ബന്ദികളാക്കപ്പെട്ടവര്‍ നടത്തുന്ന പ്രതിഷേധം ഞായറാഴ്ച ഒന്നുകൂടി ശക്തമായി. ബന്ദികളെ തിരികെ കൊണ്ടുവരാന്‍ ഇസ്രായില്‍ സര്‍ക്കാര്‍ ഒന്നു ചെയ്യുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. നെതന്യാഹു അധികാരം വിട്ടൊഴിയണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ബന്ദികളാക്കപ്പെട്ട 40ലധികം കുടുംബങ്ങളുടെ ബന്ധുക്കള്‍ക്ക് സംഘാടകര്‍ മൈക്ക് കൈമാറി. തങ്ങളുടെ ഹൃദയഭേദകമായ സാഹചര്യം അവര്‍ വിശദീകരിച്ചു. ടെല്‍ അവീവിലെ ഹോസ്‌റ്റേജ് സ്‌ക്വയറിലെ 19 ാം പതിപ്പ് സാധാരണയില്‍നിന്ന് വ്യത്യസ്തമായിരുന്നു. സംഗീതാലാപനവും സുരക്ഷാ വിദഗ്ധരുടെ പ്രസംഗങ്ങളും ഉപേക്ഷിച്ചു. പകരം, ബന്ദികളുടെ മോചനത്തിനായി ഹമാസുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന തരത്തില്‍ ആഴത്തിലുള്ള വേദനയും നിരാശയും പ്രകടിപ്പിച്ച്് ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളുടെ വികാരനിര്‍ഭരമായ പ്രസംഗങ്ങള്‍ക്ക് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചു.
ബീര്‍ഷേബയില്‍ നടന്ന റാലിയില്‍, നെതന്യാഹുവിന്റെ നേതൃത്വത്തെ കൂട്ടായി നിരാകരിക്കുന്നതിന്റെ സൂചന നല്‍കിയ പ്രതിഷേധക്കാര്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ജറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്കും സിസേറിയയിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിക്കും പുറത്ത് ആയിരക്കണക്കിന് പേര്‍ ഒത്തുചേര്‍ന്നു. രാജ്യവ്യാപകമായി 50 ഓളം സ്ഥലങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ ഒത്തുകൂടി.
അതേസമയം, ഒക്‌ടോബര്‍ ഏഴിന് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളായി സ്ഥിരമായ വെടിനിര്‍ത്തല്‍, ഗാസയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍, അടിയന്തര പുനര്‍നിര്‍മാണം, 1500 തടവുകാരെ മോചിപ്പിക്കുക എന്നിവയാണ് ഹമാസിന്റെ പ്രധാന ആവശ്യങ്ങള്‍.