VIRAL VIDEO: ഓടുന്ന ട്രെയിനില്‍ വൈറലായി യുവതിയുടെ നൃത്തം... ദയവായി നിര്‍ത്തൂ എന്ന് സോഷ്യല്‍ മീഡിയ

മുംബൈ- സോഷ്യല്‍ മീഡിയ റീലുകള്‍ ജനകീയമായതോടെ ജനശ്രദ്ധ കിട്ടാന്‍ എന്തും ചെയ്യാന്‍ തയാറാണ് യുവജനം. എന്നാല്‍ തങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും പൊതുമര്യാദക്ക് നിരക്കുന്നതാണോ സാമൂഹികമായി ഉചിതമാണോ എന്നൊന്നും ആരും നോക്കാറില്ല. പരമാവധി ആളുകള്‍ കാണുക, അതിലൂടെ വരുമാനം നേടുക എന്നത് മാത്രമാണ് ലക്ഷ്യം.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ കോലാഹലമുണ്ടാക്കിയ വീഡിയോ ഉദാഹരണം. ഓടുന്ന ട്രെയിനുള്ളില്‍ യുവതിയുടെ നൃത്തമാണ് വീഡിയോ. പൊതുഗതാഗത സംവിധാനത്തിനുള്ളില്‍ നൃത്തം ചെയ്യുന്നതിന്റെ ഔചിത്യത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് ഇത് ഇടയാക്കി. രാജ്യവ്യാപകമായി ഗതാഗത അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും, ഇത്തരം പെരുമാറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് യാത്രക്കാര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ബ്ലോഗര്‍ സീമ കനോജിയ ആദ്യം പങ്കിട്ട വൈറല്‍ വീഡിയോ, ഓടുന്ന ട്രെയിനുള്ളില്‍ ഒരു സ്ത്രീ ഊര്‍ജസ്വലമായി നൃത്തം ചെയ്യുന്നതാണ്. ഇടുങ്ങിയ വഴിയിലൂടെ അവള്‍ കുതിച്ചു ചാടുന്നതും സഹയാത്രികരുടെ അമ്പരപ്പിക്കുന്ന നോട്ടങ്ങളും വീഡിയോ ചിത്രീകരിക്കുന്നു.

വീഡിയോ അതിവേഗം വൈറലായി. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍നിന്ന് സമ്മിശ്ര പ്രതികരണങ്ങളുടെ ഒരു തരംഗത്തിന് കാരണമായി. ചിലര്‍ സ്ത്രീയുടെ പ്രകടനത്തെ അഭിനന്ദിച്ചപ്പോള്‍, മറ്റുള്ളവര്‍ ഇത്രയും ഇടുങ്ങിയ സ്ഥലം നൃത്തം ചെയ്യാന്‍ തിരഞ്ഞെടുത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

വൈവിധ്യമാര്‍ന്ന പ്രതികരണങ്ങള്‍ക്കിടയില്‍, പൊതുഗതാഗത സംവിധാനത്തിനുള്ളില്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍ഗണന ലഭിച്ചത്.

Latest News