'മോഡിയുടെ സുഹൃത്ത്' അദാനിയുടെ കല്‍ക്കരി അഴിമതി എന്തായി? സ്വതന്ത്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- കല്‍ക്കരി കയറ്റുമതിയുമായി ബന്ധപ്പെട്ട് നടന്ന 29,000 കോടി രൂപയുടെ അഴിമതി അരോപണത്തില്‍ അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. തങ്ങള്‍ക്കെതിരായ ഇന്ത്യന്‍ ഏജന്‍സികള്‍ വിദേശത്ത് നടത്തുന്ന അന്വേഷണം മുടക്കാന്‍ അദാനി ഗ്രൂപ്പ് ബോംബെ ഹൈക്കോടതിയെ സമീപിച്ചതിനു ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് കോണ്‍ഗ്രസ് അദാനി ഗ്രൂപ്പിന്റെ നിയമവിരുദ്ധ നീക്കങ്ങളേയും അദാനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അടുപ്പവും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിങ്കളാഴ്ച രംഗത്തു വന്നത്. കല്‍ക്കരി കയറ്റുമതിയ അമിത വില കാണിച്ച് ആയിരക്കണക്കിന് കോടി തട്ടിയ അദാനി ഗ്രൂപ്പ് ഉള്‍പ്പെട്ട കല്‍ക്കരി അഴിമതിക്കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാന്‍ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) വിദേശ കോടതികള്‍ മുഖേന അദാനി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞിരുന്നു (ലെറ്റേഴ്‌സ് റൊഗറ്ററി). പ്രധാനമായും ഇന്തൊനേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കല്‍ക്കരി കയറ്റുമതി ചെയ്ത രേഖകള്‍ സമര്‍പ്പിക്കണമെന്ന അന്വേഷണ ഏജന്‍സികളുടെ ആവശ്യം റദ്ദാക്കണമെന്ന അദാനി ഗ്ലോബലിന്റെ ആവശ്യം സിംഗപൂരിലെ ഒരു കോടതി തള്ളിയിരുന്നു. ഇതില്‍ അപകടം മണത്ത അദാനി ഗ്രൂപ്പ് കഴിഞ്ഞയാഴ്ചയാണ് വിദേശ കോടതികളില്‍ ഡി.ആര്‍.ഐ സമര്‍പ്പിച്ച ഈ അപേക്ഷകളെല്ലാം (ലെറ്റേഴ്‌സ് റൊഗറ്ററി) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

മോഡിയുടെ വ്യവസായി സുഹൃത്ത് ഗൗതം അദാനി ഉള്‍പ്പെട്ട ഈ വന്‍ അഴിമതിയെ കുറിച്ച് പ്രധാനമന്ത്രിയോ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോ ഒന്നു മിണ്ടാത്തതെന്താണെന്നും കോണ്‍ഗ്രസ് ചോദിച്ചു. ജെയ്റ്റ്‌ലി എല്ലാ വിഷയങ്ങളെ കുറിച്ചും ബ്ലോഗ് എഴുതുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹം മൗനത്തിലാണ്. ഈ അഴമതിയുമായി ബന്ധപ്പെട്ട ഒരു ബ്ലോഗ് അദ്ദേഹം എഴുതണം. ഒരു നടപടി എടുക്കാനുള്ള അധികാരവും അദ്ദേഹത്തിനില്ല എന്നതാണ് വസ്തുത- കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു.

ഇന്തൊനേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ വില കമ്പനികള്‍ വളരെ ഉയര്‍ത്തിക്കാട്ടുകയും ഇതുവഴി കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തുകയും ചെയ്‌തെന്ന് ഡി.ആര്‍.ഐ നേരത്തെ കണ്ടെത്തിയിരുന്നു. അദാനി ഉള്‍പ്പെടെ 40 കമ്പനികളാണ് ഈ ഇടപാടില്‍ ഉള്‍പ്പെട്ടത്. 


 

Latest News