Sorry, you need to enable JavaScript to visit this website.

കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകേണ്ടതില്ല,  കുഴപ്പമുണ്ടാക്കുന്നത് വാട്ട്‌സപ്പ് ഗ്രൂപ്പുകള്‍-മന്ത്രി 

ബാലുശേരി-വനംവന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും ഇപ്പോള്‍ വയനാട്ടിലേക്ക് പോകില്ലെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അത് അക്രമാസക്തമാകുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. താന്‍ വയനാട്ടില്‍ പോയില്ലെന്നത് ആരോപണമല്ല വസ്തുതയാണ്. കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകേണ്ടതില്ല. ജനക്കൂട്ടത്തോടല്ല, ഉത്തരവാദപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്. വികാരപരമായ അന്തരീക്ഷത്തില്‍ ഇടപെടുന്നതിനേക്കാള്‍ ശാന്തമായിരിക്കുമ്പോള്‍ അവരെ കേള്‍ക്കുന്നതാണ് നല്ലത്. പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ചില വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ കൂടുതല്‍ അന്വേഷണം വേണം. ഓരോ മണിക്കൂറിലും വയനാട്ടിലെ കാര്യങ്ങള്‍ വിലയിരുത്തും. ജനം അക്രമാസക്തമായിരിക്കുമ്പോള്‍ പ്രശ്ന പരിഹാരമുണ്ടാവില്ല. തന്നെ തടയാന്‍ പാടില്ല എന്ന നിലപാട് താന്‍ എടുക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.
അതേ സമയം, കുറുവ ദ്വീപിലെ താല്‍ക്കാലിക ജീവനക്കാരനായ പോളിനെ കാട്ടാന ആക്രമിച്ച് കൊന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെയാണ് പൊലീസ് കേസ്. വനംവകുപ്പ് വാഹനം ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഇന്നലത്തെ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പുല്‍പ്പള്ളി പൊലീസിന്റെ നടപടി. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മൃതദേഹം തടഞ്ഞതിനുമടക്കം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസിന് നേരെ കല്ലെറിഞ്ഞതിലും പാക്കത്തെ പോളിന്റെ വീടിന് മുമ്പിലുണ്ടായ അനിഷ്ടസംഭവങ്ങളിലുമടക്കം കേസുണ്ട്. അജയ് നടവയല്‍, ഷിജു പെരിക്കല്ലൂര്‍, സിജീഷ് കുളത്തൂര്‍ തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ളത്. അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

Latest News