ന്യൂദൽഹി- ആമിർ ഖാൻ നായകനായ ഗുസ്തി ചിത്രമായ ദംഗലിൽ അഭിനയിച്ച ബാലതാരം സുഹാനി ഭട്‌നാഗറിന്റെ മരണത്തിന് കാരണം ചർമ്മത്തിലെ പേശികളുടെ ബലഹീനതക്ക് കാരണമാകുന്ന അപൂർവ കോശജ്വലന രോഗമായ ഡെർമറ്റോമയോസിറ്റിസാണെന്ന് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ഫെബ്രുവരി 7 ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കപ്പെട്ട 19 കാരി ഫെബ്രുവരി 16- ന് മരിച്ചു. പത്ത് ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, രണ്ട് മാസം മുമ്പു തന്നെ രോഗലക്ഷണങ്ങൾ കണ്ടതായി വീട്ടുകാർ പറഞ്ഞു.
രണ്ട് മാസം മുമ്പ് സുഹാനിയുടെ കൈകളിൽ ചുവന്ന പൊട്ടുണ്ടായി. ഞങ്ങൾ വിവിധ ആശുപത്രികളിലെ ഡോക്ടർമാരെ സമീപിച്ചെങ്കിലും രോഗനിർണയം നടത്താൻ കഴിഞ്ഞില്ലെന്ന് സുഹാനിയുടെ അമ്മ പൂജ ഭട്‌നാഗർ പറഞ്ഞു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് എയിംസിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുഹാനിയുടെ ആരോഗ്യനിലയിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്നും ഒടുവിൽ അണുബാധ കൂടുകയും ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്ന് സുഹാനിയുടെ അച്ഛൻ സുമിത് ഭട്‌നാഗർ പറഞ്ഞു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ലെന്നും ലോകത്ത് അഞ്ചോ ആറോ പേർക്ക് മാത്രമേ ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് സുമിത് ഭട്‌നാഗർ പറഞ്ഞു.
പേശികളുടെ ബലഹീനതയും വ്യതിരിക്തമായ ചർമ്മ ചുണങ്ങും കൊണ്ട് അടയാളപ്പെടുത്തുന്ന അപൂർവ കോശജ്വലന രോഗമാണ് ഡെർമറ്റോമിയോസിറ്റിസ്. പൾമണറി, ഹൃദ്രോഗം, ദഹനനാളം തുടങ്ങിയ മറ്റ് അവയവ സംവിധാനങ്ങളെയും ഇത് ബാധിക്കും. സുഹാനി ഭട്‌നാഗറിന്റെ സംസ്‌കാരം അജ്‌റോണ്ട ശ്മശാനത്തിൽ നടന്നു.
തന്റെ രണ്ട് പെൺമക്കളെ വിജയത്തിലേക്ക് നയിക്കുന്ന ഒരു ഗുസ്തിക്കാരനെക്കുറിച്ചുള്ള 2016 ലെ ബയോപികിലാണ് സുഹാനി ഭട്‌നാഗർ അഭിനയിച്ചത്. സൈറ വസീം ഗീതയെ അവതരിപ്പിച്ചപ്പോൾ ബബിതയുടെ വേഷം ഭട്‌നാഗർ അവതരിപ്പിച്ചു. ഫാത്തിമ സന ഷെയ്ഖും സന്യ മൽഹോത്രയുമാണ് കഥാപാത്രങ്ങളുടെ മുതിർന്ന വേഷം അവതരിപ്പിച്ചത്. പിതാവ് മഹാവീർ ഫോഗട്ട് ആയി ആമിർ ഖാൻ അഭിനയിച്ചു.ആമിർ ഖാന്റെ പ്രൊഡക്ഷൻ ഹൗസും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.