അക്രമണം ബന്ദികളെ കണ്ടെത്താനെന്ന പേരിൽ
ഗാസ- ബന്ദികളെ കണ്ടെത്താനെന്ന പേരിൽ ഖാൻ യൂനിസിലെ അൽ നസർ ആശുപത്രി വളഞ്ഞ ഇസ്രായിൽ സൈന്യത്തിന്റെ അക്രമം രോഗികൾക്കു നേരെയും. ആശുപത്രിയിൽ ചികിത്സയിലുള്ള 120 ഓളം രോഗികൾക്കും മെഡിക്കൽ സ്റ്റാഫിനും വെള്ളവും ആഹാരവും തടഞ്ഞ സൈന്യം, ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിച്ചു. ജനറേറ്ററുകളുടെ പ്രവർത്തനവും നിലച്ചതോടെ ഓക്‌സിജൻ കിട്ടാതെ ആറ് രോഗികൾ മരിച്ചതായും നവജാതശിശുക്കൾ കൂട്ടമരണത്തിലേക്ക് നീങ്ങുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രിയിലുണ്ടായിരുന്ന നിരവധി പേരെ സൈനികർ മർദിച്ചു. ആശുപത്രിയിൽനിന്ന് 'ഭീകര ബന്ധമുള്ള' നൂറോളം പേരെ പിടികൂടിയെന്നാണ് ഇസ്രായിൽ സൈന്യം പറയുന്നത്. എന്നാൽ ബന്ദികളെ കണ്ടെത്തിയതായി വിവരമില്ല. ഇതിനു മുമ്പ് ഗാസയിലെ അൽശിഫ ആശുപത്രി ഇസ്രായിൽ സൈന്യം തകർത്തത് അതിന് താഴെ ബന്ദികളെ പാർപ്പിക്കുന്ന തുരങ്കങ്ങൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു. എന്നാൽ അവിടെനിന്ന് ആരെയും കണ്ടെത്താനായില്ല.
അതിനിടെ, ഗാസയിലെ ഇതര മേഖലകളിൽ ഇന്നലെയും ഇസ്രായിൽ സൈന്യം ആക്രമണം തുടർന്നു. 24 മണിക്കൂറിനിടെ 100 പേർ കൂടി കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഒക്ടോബർ ഏഴിനു ശേഷം ഗാസയിൽ ഇസ്രായിൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28,858 ആയി. പരിക്കേറ്റവർ 68,667 ഉം. മധ്യ ഗാസയിലെ അൽ സവൈദയിലുള്ള ദിയാർ അൽബലാഹ് അഭയാർഥി ക്യാമ്പിൽ വെള്ളിയാഴ്ച രാത്രി നടത്തിയ ബോംബാക്രമണത്തിൽ എട്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
റഫായിലേക്ക് ഇസ്രായിൽ വലിയ തോതിൽ കരയാക്രമണം നടത്തില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 14 ലക്ഷത്തോളം അഭയാർഥികൾ തിങ്ങിഞെരുങ്ങി കഴിയുന്ന റഫായിലേക്ക് കരയുദ്ധം നടത്തരുതെന്ന് അമേരിക്കയുടെയും ലോക രാഷ്ട്രങ്ങളുടെയും ആവശ്യം ഇസ്രായിൽ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.
ചെങ്കടലിൽ ഹൂത്തികൾ വീണ്ടും ബ്രിട്ടീഷ് എണ്ണ ടാങ്കർ ആക്രമിച്ചു. എം.ടി പോളക്‌സ് എന്ന കപ്പലിനു നേരെയായിരുന്നു ആക്രമണമെന്ന് ഹൂത്തികൾ അറിയിച്ചു. ആക്രമണം നടന്നതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, ഗാസയിലേക്കുള്ള യു.എൻ സഹായം ഹമാസ് വഴിതിരിച്ചുവിടുകയാണെന്ന ആരോപണത്തിന് ഇസ്രായിൽ ഇതുവരെയും തെളിവ് നൽകിയിട്ടില്ലെന്ന് അമേരിക്കയുടെ മിഡിൽ ഈസ്റ്റിലേക്കുള്ള പ്രത്യേക ദൂതൻ ഡേവിഡ് സാറ്റർഫീൽഡ് പറഞ്ഞു. സഹായ വസ്തുകളുമായെത്തുന്ന ട്രക്കുകൾക്ക് സുരക്ഷ നൽകുന്ന ഗാസ പോലീസ് ഉദ്യോഗസ്ഥരെ ഇസ്രായിൽ സൈന്യം ലക്ഷ്യമിട്ട് ആക്രമിക്കുന്നതിനാൽ ഫലത്തിൽ സഹായ വിതരണം അസാധ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ ഇസ്രായിൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്നലെയും വിവിധ നഗരങ്ങളിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ലണ്ടനിലും മഡ്രീഡിലും നടന്ന പ്രകടനങ്ങളിൽ ആയിരങ്ങളാണ് പങ്കെടുത്തത്.