വിമാനത്തില്‍ മോഡി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളി; വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

തൂത്തുകുടി- വിമാനയാത്രയ്ക്കിടെ കേന്ദ്രം ഭരിക്കുന്ന 'ഫാസിസ്റ്റ്' മോഡി സര്‍ക്കാര്‍ തുലയട്ടെ എന്ന മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥിനിയെ തമിഴ്‌നാട്ടിലെ തുത്തുകുടിയില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷ തമിലിസൈ സൗന്ദരരാജന്റെ സാന്നിധ്യത്തിലായിരുന്നു കാനഡയിലെ മൊന്‍ഡ്രീല്‍ യുണിവേഴ്‌സിറ്റിയില്‍  ഗവേഷക വിദ്യാര്‍ത്ഥിയായ സോഫിയ ലോയിസ് (25)യുടെ പ്രതിഷേധ പ്രകടനം. തമിലിസൈയുടെ സീറ്റിന്റെ പിറകിലെ സീറ്റിലായിരുന്നു യുവതി ഇരുന്നിരുന്നത്. സീറ്റില്‍ എഴുന്നേറ്റ് നിന്നാണ് ബി.ജെ.പി സര്‍ക്കാരിനെതിയെ സോഫിയ പ്രതിഷേധിച്ചത്. ഇത് വിമാനത്തില്‍ ബലഹളത്തിനിടയാക്കി. തിങ്കളാഴ്ച തൂത്തുകുടി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം പിന്നീട് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. 

വിമാനം ഇറങ്ങിയ ശേഷം തമിലിസൈ സൗന്ദര്‍രാജന്‍ സോഫിയയോട് തട്ടിക്കയറുകയും വാഗ്വാദമുണ്ടാക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. തമിലിസൈയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് സോഫിയയെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ വനിതാ പോലീസിനോടും ഈ വിഷയത്തെ ചൊല്ലി തമിലിസൈ തര്‍ക്കിച്ചു. സാഫിയയുടെ പ്രതിഷേധം തനിക്കെതിരെയുള്ള ഭീഷണിയായിരുന്നെന്നും യുവതിയുടെ പശ്ചാത്തലവും ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കണമെന്നും തമിലിസൈ ആവശ്യപ്പെട്ടു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയ കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി സോഫിയക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

അതിനിടെ വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തതിനെതിരെ സിപിഎം, സിപിഐ, പിഎംകെ തുടങ്ങിയ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവതിയെ ഉടന്‍ മോചിപ്പിക്കണമെന്നും പോലീസ് ഈ കേസ് കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും അവര്‍ ആരോപിച്ചു. ഈ പ്രശ്‌നത്തെ തമിലിസൈ കൂടുതല്‍ പക്വമായാണ് നേരിടേണ്ടിയിരുന്നത്. രാജ്യത്തെ യുവജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രോഷം കൊള്ളുന്നവാരാണെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടിയെന്നും വിവിധ പര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു.
 

Latest News