ജിദ്ദ- ജിദ്ദയിലെ തിരുവനന്തപുരം സ്വദേശികൾ ഏറെ നാളായി അനുഭവിക്കുന്ന യാത്രാ ക്ലേശത്തിന് പരിഹാരം കാണാൻ തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സർവീസ് വേണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം പ്രവാസി അസോസിയേഷൻ തിരുവനന്തപുരത്തിന്റെ ലോക സഭാംഗമായ ഡോ. ശശി തരൂരിന് മെമ്മോറാണ്ടം നൽകി. ടി.പി.എ പ്രസിഡന്റ് നാസുമുദ്ദീൻ മണനാക്കാണ് സംഘടനയെ പ്രതിനിധീകരിച്ച് മെമ്മോറാണ്ടം കൈമാറിയത്. ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ഉള്ള തിരുവനന്തപുരത്തുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് തിരുവന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സർവീസ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം പല നേതാക്കൾക്കും അപേക്ഷകൾ നൽകിയിട്ടും ഇതുവരെ യാഥാർഥ്യമായില്ല. നേരിട്ടുള്ള യാത്രക്ക് അഞ്ചര മണിക്കൂർ വേണ്ടി വരുന്ന സമയത്ത് ഇപ്പോൾ 12 മുതൽ 18 മണിക്കൂർ വരെ എടുക്കുന്നു. ഇത് സാധാരണ യാത്രക്കാർക്ക് പുറമെ തിരുവനന്തപുരത്ത് നിന്നും വരുന്ന ഉംറ, ഹജ്ജ് തീർഥാടകർക്കും വളരെ ബുദ്ധിമുട്ടാകുന്നു. തിരുവന്തപുരത്തേക്ക് നേരിട്ട് വിമാന സർവീസ് വന്നാൽ സമയ ലാഭത്തിനു പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, മധുര എന്നിവിടങ്ങളിലെ യാത്രക്കാർക്കും വളരെ സഹായകമാകും. കൂടാതെ സൗദിയുടെ പുതിയ വിസ ചട്ടപ്രകാരമുള്ള ബയോമെട്രിക് കേന്ദ്രം തിരുവനന്തപുരത്തു ആരംഭിക്കണമെന്നും ആവശ്യവും ഉന്നയിച്ചു. ഈ വിഷയങ്ങളിൽ തൻ നാട്ടിൽ എത്തിയാൽ ഉടനെ ബന്ധപ്പെട്ടവരുമായി സംസാരിച്ചു ഉചിതമായ നടപടികൾ ചെയ്യാമെന്ന് അദ്ദേഹം ടി.പി.എ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. ജനറൽ സെക്രട്ടറി മുഹമ്മദ് ഹുസൈൻ, എക്സികൂട്ടിവ് അംഗങ്ങളായ ശിഹാബ്, ഷാഫി, സുനിൽ സയ്ദ്, അംഗങ്ങളായ അൻവർഷ, സുനിത നാസുമുദ്ദീൻ, സനൂജ ഹുസൈൻ, സോഫിയ സുനിൽ, റെജി അൻവർ, നാദിർനാസ്, സെഹ് ല ഹുസൈൻ, മുഹമ്മദ് അമാൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.






