കരിപ്പൂർ - സ്ത്രീ വിമോചനമെന്നാൽ സ്ത്രീത്വത്തിന്റെ മാന്യത വലിച്ചെറിഞ്ഞ് കുത്തഴിഞ്ഞ ലൈംഗികതയിലേക്കും ലിബറൽ ജീവിതത്തിലേക്കും നയിക്കലാണെന്ന ആധ്യനിക സ്ത്രീ വിമോചന സങ്കല്പങ്ങൾ തകർത്തെറിയണമെന്ന് കരിപ്പൂർ വെളിച്ചം നഗറിൽ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വനിതാ മഹാസമ്മേളനം വ്യക്തമാക്കി.
സാമൂഹ്യ ഭദ്രതയുടെ അടിത്തറയായി വർത്തിക്കേണ്ട കുടുംബ സംവിധാനത്തെയും മഹത്തായ വൈവാഹിക ജീവിതത്തെയും ഇല്ലാതാക്കാൻ കോപ്പുകൂട്ടുന്ന മതനിരാസ നവലിബറൽ പ്രസ്ഥാനങ്ങൾക്കെതിരെ സ്ത്രീസമൂഹം ജാഗ്രത്താവണം.
സ്ത്രീ സമൂഹത്തിന് പൊതു ഇടങ്ങളും ആരാധനാലയങ്ങളിലെ പ്രാർത്ഥനാ സ്വാതന്ത്ര്യവും നിഷേധിക്കുന്ന പൗരോഹിത്യ വാഴ്ച അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിവാഹ മോചിതരും ഭർത്താക്കൻമാർ മരണപ്പെട്ട് അവിവാഹിതരായ വിധവകളും നിരാലംബരുമായ വനിതകളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യം വെച്ച് പഞ്ചായത്ത് തലത്തിൽ വനിതാ വികസന സൊസൈറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം സർക്കാറിനോടാവശ്യപ്പെടുന്നു. ഇതിൽ സർക്കാറിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണം.
പഠനം, വിനോദം, തൊഴിൽ പരിശീലനം, സംരംഭകത്വം തൊഴിൽ തുടങ്ങിയവയെല്ലാം അതിന്റെ കീഴിലുണ്ടാവണം. പദ്ധതിക്ക് സർക്കാർ സഹായവും വായ്പയും സബ്‌സിഡിയും ലഭ്യമാക്കണം.
സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത ക്രമാനുഗതയുമായി കുറച്ചു കൊണ്ടുവരാനുള്ള ക്രിയാത്മക നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. ലഹരി മാഫിയക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും വനിതാസമ്മേളനം ആവശ്യപ്പെട്ടു.