ദമാം- കഴിഞ്ഞ ദിവസമുണ്ടായ അഗ്നിബാധയിൽ കത്തിനശിച്ച അൽദുബാബ് ഡിസ്ട്രിക്ടിലെ പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനം സൗദി അറ്റോർണി ജനറൽ ശൈഖ് സൗദ് ബിൻ അബ്ദുല്ല അൽമുഅ്ജബ് സന്ദർശിച്ചു. തീപിടിത്തത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ അദ്ദേഹം വിലയിരുത്തി. പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് അണ്ടർസെക്രട്ടറി ശൈഖ് ശൽആൻ ബിൻ റാജിഹ് അൽശൽഹാൻ അദ്ദേഹത്തെ അനുഗമിച്ചു. അപകടത്തിൽ ഒരാൾക്ക് പോലും ജീവാപായമോ പരിക്കോ സംഭവിക്കാത്തതിൽ അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചു. പ്രവിശ്യാ പ്രോസിക്യൂഷൻ മേധാവി ശൈഖ് മൻസൂർ അനീഖ്, വിവിധ വകുപ്പ് മേധാവികൾ എന്നിവരുമായി ശൈഖ് സൗദ് അൽമുഅ്ജബ് ചർച്ച നടത്തി. മണിക്കൂറുകൾ നീണ്ട കഠിന ശ്രമത്തിലൂടെയാണ് സിവിൽ ഡിഫൻസ് പത്ത് നില കെട്ടിടത്തിലെ തീയണച്ചത്. അപകടം പ്രവൃത്തി സമയത്ത് അല്ലാത്തത് കാരണമാണ് വൻ അത്യാഹിതം ഒഴിവാക്കിയത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി അടിയന്തിര കമ്മിറ്റി രൂപീകരിക്കുന്നതിന് നിർദേശം നൽകിയ കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരനോട് അറ്റോർണി ജനറൽ നന്ദി പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷനിൽ പ്രവൃത്തി തടസ്സം കൂടാതെ നടക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള എമർജൻസി പദ്ധതികൾക്ക് പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ തന്നെ രൂപം നൽകിയിരുന്നു.