തോറ്റ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കൂട്ടുനിന്നു, തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെച്ചു

ഇസ്‌ലാമാബാദ്- ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ച് തോറ്റ സ്ഥാനാർത്ഥികളെ വിജയിപ്പിച്ചുവെന്നും ഇതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുകയാണെന്നും പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷണർ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ചീഫ് ജസ്റ്റിസും തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച മുൻ റാവൽപിണ്ടി കമ്മീഷണർ ലിയാഖത്ത് അലി ചാത്തയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ പരക്കെ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. റാവൽപിണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ലിയാഖത്ത് അലി ചാത്ത, തെരഞ്ഞെടുപ്പിൽ തോൽക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാണ് ശ്രമിച്ചതെന്നും ആരോപിച്ചു. 

'ഈ തെറ്റുകളുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ചീഫ് ജസ്റ്റിസിനും ഇതിൽ പൂർണ്ണ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുതുകിൽ കുത്തുന്നത് അംഗീകരിക്കാനാകില്ല. തെറ്റ് ചെയ്തിട്ട് ഉറങ്ങാൻ കഴിയുന്നില്ലെന്നും ലിയാഖത്ത് അലി ചാത്ത പറഞ്ഞു.
ഞാൻ ചെയ്ത അനീതിക്ക് ഞാൻ ശിക്ഷിക്കപ്പെടണം, ഈ അനീതിയിൽ പങ്കാളികളായ മറ്റുള്ളവരും ശിക്ഷിക്കപ്പെടണം. ആത്മഹത്യയെക്കുറിച്ച് ആലോചിച്ചെങ്കിലും കാര്യങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തീരുമാനിക്കുന്നത് വരെ തനിക്ക് കനത്ത സമ്മർദ്ദമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയക്കാർക്ക് വേണ്ടി ഒരു തെറ്റും ചെയ്യരുതെന്ന് മുഴുവൻ ബ്യൂറോക്രസിയോടും ഞാൻ അഭ്യർത്ഥിക്കുന്നു- അദ്ദേഹം പറഞ്ഞു.

അതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ചാത്ത ഉന്നയിച്ച ആരോപണങ്ങൾ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇ.സി.പി) തള്ളി.
ആരോപണങ്ങൾ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി തള്ളിക്കളയുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം മാറ്റാൻ കമ്മീഷന്റെ ഒരു ഉദ്യോഗസ്ഥനും നിർദ്ദേശം നൽകിയിട്ടില്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
 

Latest News